തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച് മുഖ്യമന്ത്രി കസേരയിലേക്ക് വിജയ് നടത്തിയ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. കല്ലും മുള്ളും നിറഞ്ഞ കഠിനയാത്രയെ ഏറ്റവും അടുത്തറിഞ്ഞ വ്യക്തിയാണ് അദ്ദേഹത്തിന്റെ അമ്മ ശോഭ ചന്ദ്രശേഖര്‍. വിജയ്യുടെ അമ്പത്തിരണ്ടാം ജന്മദിനത്തില്, മകന് രാഷ്ട്രീയത്തിലേക്കു ചുവടുവച്ചപ്പോഴുണ്ടായ പ്രതിസന്ധികളെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും അവര്‍ മനസുതുറക്കുകയാണ്.

ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ ശോഭ ചന്ദ്രശേഖര്‍ പറഞ്ഞ വാക്കുകൾ സിനിമ-രാഷ്ട്രീയ ലോകത്ത് ശ്രദ്ധേയമായി. സിനിമയില്‍ തുടക്കമിട്ട കാലത്തും വിജയ്ക്ക് വലിയ പിന്തുണയൊന്നും ലഭിച്ചിരുന്നില്ല. നിരന്തരമായ വിമര്‍ശനങ്ങളെയും നെഗറ്റീവുകളെയും പോസിറ്റീവാക്കി മാറ്റിയാണ് അവന് വിജയത്തിലേക്കു നടന്നു കയറിയതെന്നും ശോഭ.
"കനത്ത ഭയം തോന്നിയ കാലഘട്ടമായിരുന്നു അത്. വളരെ ബുദ്ധിമുട്ടേറിയ മേഖലയിലേക്കാണ് അവന് ഇറങ്ങിച്ചെന്നത്. എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എനിക്കറിയില്ലായിരുന്നു. അവനു വലിയ പിന്തുണയൊന്നും ഉണ്ടായിരുന്നില്ല. എല്ലാം ഒറ്റയ്ക്കു നേരിടേണ്ടിവന്നത് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാക്കി. വരാനിരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് നന്നായി അറിയാമായിരുന്നിട്ടും അവന് എന്തിനാണ് ഈ വഴി തെരഞ്ഞെടുത്തതെന്ന് ഞാന്‍ ചിന്തിച്ച നിമിഷങ്ങളുണ്ട്. എങ്കിലും എന്റെ ഭയം ഞാന്‍ അവനുമായി പങ്കുവച്ചില്ല. ആ സമയത്ത് അവന് വല്ലാതെ സങ്കടപ്പെട്ടിരുന്നു, എങ്കിലും ഒടുവില്‍ എല്ലാറ്റിനെയും അതിജീവിച്ച് അവന് മുന്നോട്ടുപോവുക തന്നെ ചെയ്തു...'

സിനിമയിൽ സജീവമായി നിൽക്കുന്പോഴാണ് 2024ൽ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി പ്രവേശിക്കുന്നത്. തുടര്‍ന്ന് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) 108 സീറ്റുകള്‍ നേടി ചരിത്ര വിജയം സ്വന്തമാക്കി. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണയോടെ വിജയ് മുഖ്യമന്ത്രിയാകുകയും ചെയ്തു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആറു പതിറ്റാണ്ട് നീണ്ട ചരിത്രമാണ് വിജയ്യുടെ രാഷ്ട്രീയപ്രവേശനം തിരുത്തിക്കുറിച്ചത്.
Tags : vijay actor Chief Minister of Tamil Nadu Shoba Chandrasekhar Tamil Movie Kollywood TVK