പ്രസവത്തിന് ശേഷം സ്ത്രീകൾ കടന്നുപോകുന്ന ഭീകരമായ അവസ്ഥകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ദുർഗ കൃഷ്ണ. കടുത്ത മാനസിക സംഘർഷവും ഏകാന്തതയും അലട്ടുന്ന ഘട്ടത്തിൽ ആരാണ് തങ്ങളെ ചേർത്തുപിടിക്കുന്നതെന്ന് അവർ ചോദിക്കുന്നു.
‘നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ചേർത്തുപിടിക്കുന്നു, പക്ഷേ നിങ്ങളെ ആര് ചേർത്തുപിടിക്കുന്നു?’ എന്ന ചോദ്യത്തോടെയാണ് ദുർഗ തന്റെ അവസ്ഥ ലോകത്തിന് മുന്നിൽ പങ്കുവച്ചത്.
ഗർഭകാലത്ത് തന്നെ പൊന്നുപോലെ നോക്കിയിരുന്ന പങ്കാളി ഇപ്പോൾ തന്നെ കാണുന്നില്ലെന്നും അദ്ദേഹം കേവലം ഒരു കോ-പാരന്റ് മാത്രമായി മാറിയെന്നും ദുർഗ പറയുന്നു. തന്റെ കരിയറും ശരീരവും ഉറക്കവും ആരോഗ്യവും വരെ ത്യാഗം ചെയ്താണ് ഒരു ജീവന് ജന്മം നൽകിയതെന്നും, എന്നാൽ ആ സമയമെല്ലാം ഭർത്താവ് മറ്റൊരു മുറിയിൽ സുഖമായി ഉറങ്ങുകയായിരുന്നു എന്നും നടി കുറിച്ചു.
പ്രസവാനന്തരം ആരും നിങ്ങൾക്ക് മുന്നറിയിപ്പ് തരാത്ത ഏറ്റവും പ്രയാസമേറിയ കാര്യം എന്താണ്? എന്ന പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായാണ് ദുർഗയുടെ കുറിപ്പ്.
‘നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ചേർത്തുപിടിക്കുന്നു, പക്ഷേ നിങ്ങളെ ആര് ചേർത്തുപിടിക്കുന്നു? എനിക്ക് ഇത് ഉറക്കെ പറയേണ്ടതുണ്ട്. എന്റെ കുഞ്ഞിനോട് എനിക്ക് ഭ്രാന്തമായ ഇഷ്ടമാണ്, പക്ഷേ പുറമെനിന്ന് നോക്കുന്നവർക്ക് മനസിലാകാത്ത അത്ര ആഴത്തിലുള്ള ഒരു സങ്കടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഈ സ്നേഹക്കൂടുതലിനിടയിൽ ഞാൻ ശ്വാസം മുട്ടുകയാണ്.
സത്യം പറഞ്ഞാൽ, എനിക്ക് എന്റെ ഭർത്താവിനെ നഷ്ടപ്പെട്ടതായും പകരം ഒരു കോ-പാരന്റിനെ(കുഞ്ഞിനെ നോക്കാൻ കൂടെയുള്ള ഒരാൾ) മാത്രം ലഭിച്ചതായും തോന്നുന്നു. ഗർഭകാലത്ത് എന്നെ അത്രയധികം പരിചരിച്ചിരുന്ന ആ വ്യക്തി എവിടെയോ മറഞ്ഞുപോയിരിക്കുന്നു. പകരം കുഞ്ഞിനെ മാത്രം കാണാൻ കഴിയുന്ന ഒരാളായി അദ്ദേഹം മാറി. അവിടെ ഞാൻ അദൃശ്യയായി തീർന്നു.

എന്റെ കരിയർ, എന്റെ ശരീരം, എന്റെ ആരോഗ്യം, എന്റെ ഉറക്കം എന്നിവയെല്ലാം ത്യാഗം ചെയ്തത് ഞാനാണ്. അദ്ദേഹം മറ്റൊരു മുറിയിൽ ഉറങ്ങുമ്പോൾ, രാത്രിയുടെ നിശബ്ദതയിൽ ഉണർന്നിരിക്കുന്നത് ഞാനാണ്.
എന്റെ ശേഷിക്കുന്ന കരുത്തെല്ലാം ഉപയോഗിച്ച് ഞാൻ കുഞ്ഞിനെ പിടിച്ചിരിക്കുകയാണ്, പക്ഷേ എന്നെ താങ്ങാൻ ആരുമില്ലാത്തതിനാൽ എന്റെ കൈകൾ വിറയ്ക്കുന്നു. എന്റെ ഉത്തരവാദിത്തങ്ങൾ മാറുക മാത്രമല്ല ചെയ്തത്.
എനിക്ക് എന്റെ വിവാഹജീവിതം തന്നെ നഷ്ടപ്പെട്ടതായി തോന്നുന്നു. ഞാൻ സൃഷ്ടിച്ച ഈ ജീവനോട് എനിക്ക് വല്ലാത്ത ഇഷ്ടമാണ്, പക്ഷേ ഇപ്പോൾ ഞാൻ ജീവിക്കുന്ന ഈ ഏകാന്തത എന്നെ വിഷാദത്തിലാക്കുന്നു.’’ ദുർഗ കൃഷ്ണ കുറിച്ചു.
2021-ലായിരുന്നു ദുർഗയും അർജുൻ രവീന്ദ്രനും വിവാഹിതരായത്. 2025 നവംബറിലാണ് ഇവർക്ക് ഒരു പെൺകുഞ്ഞ് പിറന്നത്.
Tags : Durga Krishna Postpartum depression