ശാന്തി ബാലചന്ദ്രൻ, അനന്തൻകാട് ചിത്രത്തിൽ താരം
സൂപ്പര്‍ഹിറ്റ് ലോകഃ യുടെ സഹ തിരക്കഥാകൃത്തായും ജെല്ലിക്കെട്ട്, ചതുരം, മസ്തിഷ്ക മരണം തുടങ്ങിയ സിനിമകളിലെ അഭിനേത്രിയായും ശ്രദ്ധനേടിയ ശാന്തി ബാലചന്ദ്രന്റെ പുത്തന്‍പടമാണ് ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത "അനന്തന്‍കാട്'. മുരളിഗോപിയുടെ തിരക്കഥയില്‍, ഏറെ തീവ്രമായ വൈകാരിക പശ്ചാത്തലമുള്ള കാര്‍ത്തിയെന്ന വേഷത്തിൽ തിളങ്ങുകയാണു ശാന്തി. തമിഴ് താരം ആര്യ, തെലുങ്ക്നടന്‍ സുനില്‍ എന്നിവര്‍ക്കൊപ്പം കഥാഗതിയില്‍ നിർണായക പങ്കുള്ള കഥാപാത്രം.
"മുമ്പ് ചില പരീക്ഷണചിത്രങ്ങളിലാണ് ഇത്രയും തീവ്രതയുള്ള കഥാപാത്രങ്ങള്‍ ചെയ്തിരുന്നത്. എന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന് ഒത്തിരി ദൂരെയാണു കാര്‍ത്തി. ഇത്രയും വലിയ കാന്‍വാസില്‍ ഒരു മുഖ്യധാരാ വാണിജ്യചിത്രം എന്റെ ആദ്യ അനുഭവമാണ്'- ശാന്തി സണ്‍ഡേ ദീപികയോടു പറഞ്ഞു.
അനന്തൻകാട് പറയുന്നത്...?
ഓള്‍ഡ് സ്കൂള്‍ മാസ് എന്റര്ടെയ്നര് എന്ന രീതിയിലാണ് ഈ സിനിമയുടെ മേക്കിംഗ്. 80കളും 90കളുമാണു കഥാ പശ്ചാത്തലം. വലിയ രാഷ്്ട്രീയ സംഭവങ്ങളും മറ്റും സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതിലൂടെയാണു കഥാസഞ്ചാരം.
എന്റെ കഥാപാത്രത്തെക്കുറിച്ചു മാത്രമാണു സംവിധായകന് പറഞ്ഞത്. അത് അവതരിപ്പിക്കാന്‍ മൊത്തം കഥയില്‍ എന്തു സംഭവിക്കുമെന്ന് അറിയേണ്ടതില്ലെന്നു മുരളിഗോപിയും പറഞ്ഞിരുന്നു. ഞാനും പ്രേക്ഷകര്ക്കൊപ്പമാണു ഫുള്‍ സിനിമ കണ്ടത്. കാര്‍ത്തി വളര്‍ന്ന സാഹചര്യങ്ങള്‍, അവളുടെ ജീവിതം എന്തുകൊണ്ട് ഇങ്ങനെയായി എന്നിങ്ങനെ സിനിമയില്‍ ഇല്ലാത്ത പലതും അദ്ദേഹം പറഞ്ഞുതന്നു.
ആദ്യാവസാനം സംഘര്‍ഷങ്ങള്‍ക്കു നടുവിലാണല്ലോ കാര്‍ത്തി..?
സിനിമയുടെ വൈകാരിക സത്ത വഹിക്കുന്ന കഥാപാത്രമാണു കാര്‍ത്തി. നിസഹായയാണ്. പക്ഷേ, അതു തന്റെ വിധിയെന്ന് അവള് അംഗീകരിക്കുന്നു. "ചൂളയിലെ വേറെ ഏതു പെണ്ണിനെ തൊട്ടാലും അവരെ അവിടത്തെ ഗ്യാംഗ് ജീവനോടെ വച്ചേക്കില്ല. പക്ഷേ, എന്റെ കാര്യത്തില്‍ മാത്രമാണ് ഇങ്ങനെ' എന്നു കാര്‍ത്തി പറയുന്നുണ്ട്.
വലിയ മാനസികാഘാതം അനുഭവിക്കുന്ന കഥാപാത്രമാണെങ്കിൽ പോലും എപ്പോഴും അഭിമാനത്തോടെയുള്ള പെരുമാറ്റമാണ് കാർത്തിയുടേത്. മാനസികമായ കരുത്ത് അവൾക്കുണ്ട്. പ്രയാസകരമായ സന്ദർഭങ്ങളിൽ പോലും അവളുടെയുള്ളിൽ സ്വാഭിമാനമുണ്ട്, തീയുണ്ട്. പോരാളി തന്നെയാണു കാര്‍ത്തി, അനുജനുവേണ്ടി ജീവിക്കുന്ന സ്ത്രീയാണ്. കാര്‍ത്തി നേരിട്ട ദുരനുഭവങ്ങളോടുള്ള പ്രതികാരമാണ് സഹോദരന് പൊടിയന് വലുതായപ്പോള്‍ ചെയ്യുന്നത്. അങ്ങനെ കഥാഗതിയിലും പ്രാധാന്യമുണ്ട്.
രൂപഭാവങ്ങളിൽ കാര്‍ത്തിയിലേക്ക് എത്തിയത്..?

മറ്റൊരു കാലഘട്ടത്തിലുള്ള, ഞാനുമായി എറെ അകലമുള്ള കഥാപാത്രം അവതരിപ്പിക്കാനായതു ഭാഗ്യം. വിന്റേജ് ലുക്കും തലമുടിയും മേക്കപ്പും കോസ്റ്റ്യൂമുമൊക്കെ അതിലേക്ക് എത്തിച്ചു. ഇതിന്റെ മേക്കപ്പ് ചെയ്തത് ബൈജു ശശികലയാണ്. എന്റെ സിനിമകളില്‍ മേക്കപ്പിന് ഏറ്റവുമധികം സമയം ആവശ്യമായി വന്നത് ഇതിലാണ്. ശരീരത്തില്‍ പീഡനമേറ്റതിന്റെ കുറെ അടയാളങ്ങള്‍ വരുത്താനാണ് അത്രയും സമയമെടുത്തത്. ആ പാടുകള്‍ കാണുമ്പോഴായിരുന്നു ഞാന്‍ കാര്ത്തിയാണെ വിശ്വാസത്തിലേക്ക് എത്തിയത്.
ആര്യക്കൊപ്പം
ആര്യയുടെ കഥാപാത്രം വെട്രിയില്നിന്നു മാത്രമാണ് കാര്‍ത്തിക്കു സംരക്ഷണം കിട്ടുന്നത്. വെട്രിക്കു ഭക്ഷണം പകര്‍ന്നുകൊടുക്കുന്ന സീനില്‍ അവൾ അയാളോടു നന്ദി പ്രകടിപ്പിക്കുന്നുണ്ട്. അതേവരെ വിഷമവും നിസഹായതയും ദേഷ്യവും സങ്കടവുമെല്ലാം ഉള്ളിലൊതുക്കിയിരുന്ന കാര്‍ത്തിയുടെ പെരുമാറ്റം പതിയെ അലിവുള്ളതാകുന്നു.
പക്ഷേ, അവിടെയും അവളുടെ ഉള്ളിലെ രോഷം പുറത്തുവരുന്നതു തന്റെ അനുജനെ ചോരയ്ക്കു ചോരയും വെട്ടിനു വെട്ടും ചോദിക്കുന്ന ഒരാളാക്കണമെന്നു വെട്രിയോടു പറഞ്ഞിട്ടാണ്. ഒപ്പം അഭിനയിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്ന, അവരുടെ സൗകര്യങ്ങള്‍ കൂടി പരിഗണിക്കുന്ന ഡൗണ്‍ ടു എര്‍ത്ത് മനുഷ്യനാണ് ആര്യ.
സഹതാരങ്ങള്‍ അഭിനയത്തെ സ്വാധീനിച്ചത്..?

തെലുങ്കുനടന്‍ സുനിലുമായി എനിക്കുള്ള സീനുകളില്‍ ശാരീരിക പീഡനവും ഉപദ്രവവുമൊക്കെയുണ്ട്. പക്ഷേ, സിനിമയില്‍ കാണിക്കുന്ന വില്ലത്തരമല്ല അദ്ദേഹത്തിന്റെ യഥാര്‍ഥ വ്യക്തിത്വം. സ്ത്രീകളോടു മാന്യമായി പെരുമാറണമെന്നു നിര്‍ബന്ധമുള്ള അദ്ദേഹം, താൻ ചെയ്യുന്നത് അഭിനയമാണെങ്കില്പ്പോലും ഷോട്ടിനിടെ എന്നോടു സോറി പറയുമായിരുന്നു!
മുരളിഗോപിക്കൊപ്പവും പൊടിയനായി വേഷമിട്ട സൂര്യകിരണിനൊപ്പവുമായിരുന്നു എന്റെ മറ്റു സീനുകള്‍. മുരളിഗോപി എന്ന നടനും ഹൃദയഹാരിയായ ഒരനുഭവമാണ്. സീനുകളിലെ എന്റെ സംശയം നിവര്‍ത്തിക്കാനും തനിക്കു വേണ്ടതില്‍ നിന്നു ഞാന്‍ വഴിമാറിയിട്ടുണ്ടെങ്കില് അതു നേരെയാക്കാനും അദ്ദേഹം സദാ സന്നദ്ധനായിരുന്നു.
ഏറെ പീഡനങ്ങള്‍ നേരിടുന്നുണ്ടല്ലോ കാര്‍ത്തി. ഇത്തരം സീനുകളോടു വിമുഖതയില്ലേ..?

അത്തരം സീനുകള്‍ മുമ്പ് ചെയ്തിട്ടില്ല. പക്ഷേ, ഈ സിനിമയ്ക്ക് അതാവശ്യമാണ്. എന്നാല്‍ സിനിമയില്‍ അത്തരത്തില്‍ ഒത്തിരി കാണിച്ചിട്ടുമില്ല. വികൃതമായ വ്യക്തിത്വമുള്ളയാളാണ് സുനില്‍ അവതരിപ്പിക്കുന്ന പോലീസ് ഓഫീസര്‍. മുഖ്യമന്ത്രിയോട് ഏറെ ഭവ്യതയോടെ പെരുമാറുന്ന അയാള്‍ക്ക് ക്രൂരമായ മറ്റൊരു വശമുണ്ട്. തനിക്കു താഴെയുള്ളവരോടു മോശമായി പെരുമാറുന്നതില്‍ സന്തോഷം കണ്ടെത്തുന്ന, അവരുടെ ജീവന് യാതൊരു വിലയും കൊടുക്കാത്ത ഒരാള്‍. ക്രൂവിന്റെ എണ്ണം കുറച്ച്, എന്നെ കംഫര്ട്ടബിളാക്കിയശേഷമാണ് അത്തരം സീനുകള്‍ ചിത്രീകരിച്ചത്.
ഇന്ദ്രന്‍സിനൊപ്പം...
കൃഷാന്ദിന്റെ "നാലരസംഘ'ത്തിന്റെ സെറ്റിലായിരുന്നു ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച. ഇതില്‍ ഇന്ദ്രന്‍സുമായി ഒരൊറ്റ സീന്‍ മാത്രം. ആര്യ കടന്നുവരുന്ന സീനില്‍, ആ ഗ്യാങില്‍ കൃഷ്ണൻകുട്ടിയായി അദ്ദേഹവുമുണ്ട്. അവരുടെ തലച്ചോറും ചോരയും നീരുമെല്ലാം അയാളാണ്. എത്ര ഭംഗിയായിട്ടാണ് ആ പവര്‍ അദ്ദേഹം സ്ക്രീനിലേക്കു പകര്‍ന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ എന്‍ട്രി സീനിനും ഡയലോഗുകള്ക്കുമൊക്കെ തിയറ്ററില്‍ നല്ല കയ്യടിയാണ്.
ഇന്ദ്രന്‍സിന്റെ സുവര്‍ണകാലമാണിത്. ഇതില്‍ ഏറെ പരുക്കനായി വയലന്‍സിനൊപ്പം നില്ക്കുന്ന കഥാപാത്രം. അതേയാഴ്ചയിൽ തന്നെ സൗമ്യഹൃദയനായി, പ്രണയസ്പര്ശിയായ കഥാപാത്രമായി മറ്റൊരു സിനിമയിൽ. പ്രമോഷനു ചെന്നൈയിലെത്തിയപ്പോള്‍ പോസ്റ്ററിലൊക്കെ ഇന്ദ്രന്‍സിനെ കൂടുതലായി ഉള്‍പ്പെടുത്തണമെന്ന് വിതരണക്കാര്‍ താത്പര്യപ്പെട്ടുവെന്ന് ആര്യ പറയുന്നുണ്ടായിരുന്നു. "കറുപ്പി'നുശേഷം അദ്ദേഹം തമിഴില്‍ ജനകീയനായി.
"ലോകഃ ഭാഗം 2' എപ്പോൾ,,?
ഒരു പരീക്ഷണമെന്ന രീതിയിലാണു ലോകഃയെ ഞങ്ങള്‍ കണ്ടത്. പക്ഷേ, പ്രേക്ഷകര്‍ക്ക് അത്രമേല്‍ ഇഷ്ടമായി എന്നത് ശരിക്കും അതിശയിപ്പിച്ചു. ഡൊമിനിക്കിനൊപ്പം രണ്ടാം ഭാഗത്തിന്റെ തിരക്കഥ ഇപ്പോൾ തയാറാക്കിക്കൊണ്ടിരിക്കുന്നു. ആളുകളുടെ പ്രതീക്ഷ വലിയ വെല്ലുവിളി തന്നെയാണ്. കുറച്ചു സമയമെടുക്കും. ഞങ്ങള്‍ക്കു സൃഷ്ടിപരമായി സന്തോഷവും സംതൃപ്തിയും തരുന്ന തിരക്കഥയിലെത്താതെ ഷൂട്ടിംഗിനിറങ്ങില്ല. ടൊവിനോ ആണു ലീഡ്. മറ്റു വിവരങ്ങള്‍ പറയാറായിട്ടില്ല.
ഇനി ഏതുതരം സിനിമകള്‍..?
ഡോണ്‍ പാലത്തറ, പടയുടെ സംവിധായകന് കമല്‍ കെ.എം എന്നിവരുടെ സിനിമകളില്‍ അഭിനയിച്ചു. ഇരുവര്‍ക്കുമൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹമായിരുന്നു അതിനു പിന്നില്‍. തമിഴില്‍ വിജയ് സേതുപതി ലീഡ് ചെയ്യുന്ന ഒരു പടത്തിലും വേഷമുണ്ട്. അഭിനയവും എഴുത്തും സമാന്തരമായി കൊണ്ടുപോകുന്നു. രണ്ടും രണ്ടു രീതിയിലുള്ള സംതൃപ്തിയാണ്. നല്ല കഥാപാത്രങ്ങളായി കാത്തിരിക്കുന്നു.
Tags : santhy balachandran interview Entertainment Movies Cinema