വിക്രാന്ത് മാസി ഭാര്യയ്ക്കൊപ്പം
മുൻ കാമുകിമാരുമായോ കാമുകന്മാരുമായോ സൗഹൃദം കാത്തുസൂക്ഷിക്കുന്നത് പുതിയ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അത് തനിക്ക് ഒരു റെഡ് ഫ്ലാഗ് ആണെന്നും വെളിപ്പെടുത്തി ബോളിവുഡ് താരം വിക്രാന്ത് മാസി.
താനോ ഭാര്യ ശീതൾ താക്കൂറോ പഴയ പങ്കാളികളുമായി സൗഹൃദം പുലർത്താറില്ലെന്നും ദീർഘകാല ബന്ധങ്ങളിൽ പരസ്പരം പുലർത്തേണ്ടത് സുതാര്യതയും സത്യസന്ധതയുമാണെന്നും വിക്രാന്ത് ഒരു അഭിമുഖത്തിൽ പറഞ്ഞു.
മുൻ കാമുകിയുമായി സൗഹൃദത്തിൽ തുടരുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു റെഡ് ഫ്ലാഗ് ആണ്. ഞാനോ ശീതളോ ഞങ്ങളുടെ പഴയ പങ്കാളികളുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നില്ല. സൗഹൃദം അരുത് എന്ന് മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ചതല്ല, എന്നാൽ ഞങ്ങൾ രണ്ടുപേരുടെയും ചിന്താഗതിയും രീതികളും അങ്ങനെയായതിനാൽ പഴയ ബന്ധങ്ങളുടെ ഭാരം ചുമക്കാറില്ല.
മറ്റുള്ളവരുടെ വ്യക്തിപരമായ തീരുമാനങ്ങളെ ഞാൻ ജഡ്ജ് ചെയ്യില്ല, എന്നാൽ പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ പഴയ ബന്ധങ്ങളിൽ നിന്ന് മാനസികമായി അകലം പാലിക്കുന്നത് ദാമ്പത്യം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കും, അതാണ് എന്റെ അനുഭവം. ഞങ്ങൾ ഞങ്ങളുടെ പ്രണയം ഒരിക്കലും ലോകത്തിൽ നിന്ന് ഒളിച്ചുവെച്ചിട്ടില്ല. നാലോ അഞ്ചോ വർഷം ഒരുമിച്ച് ജീവിച്ചിട്ടും ആ ബന്ധത്തെക്കുറിച്ച് തുറന്നു പറയാൻ മടിക്കുന്നതും രഹസ്യമാക്കി വയ്ക്കുന്നതും ശരിയായ രീതിയല്ല. അത് പരസ്പരവിശ്വാസത്തെ ബാധിക്കും. ഗൗരവമുള്ളൊരു ബന്ധമാണെങ്കിൽ അതിൽ സുതാര്യതയാണ് പ്രധാനം. വിക്രാന്ത് പറഞ്ഞു.
2015ൽ ഒരു പൊതുസുഹൃത്ത് വഴിയാണ് വിക്രാന്തും ശീതളും പരിചയപ്പെടുന്നത്. തുടർന്ന് ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ എന്ന വെബ് സീരീസിൽ ഒരുമിച്ച് അഭിനയിക്കുന്നതിനിടയിൽ ഇരുവരും പ്രണയത്തിലായി. ഏഴു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ 2022 ഫെബ്രുവരി 14ന് രജിസ്റ്റർ വിവാഹവും ഫെബ്രുവരി 18ന് ഹിമാചൽ പ്രദേശിൽ പരമ്പരാഗത ചടങ്ങുകളോടെ വിവാഹവും നടന്നു. 2024 ഫെബ്രുവരിയിലാണ് ഇവർക്ക് വർദാൻ എന്ന ആൺകുഞ്ഞ് ജനിച്ചത്.
ട്വൽത് ഫെയിൽ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ വലിയ പ്രശംസ ഏറ്റുവാങ്ങിയ വിക്രാന്ത് മാസി, ‘മുസാഫിർ കഫെ’ എന്ന പുതിയ ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ്. ജൂലൈ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
Tags : Vikrant Massey Marriage Happy Marriage Secret Ex Friendship Entertainment Movies Cinema