നടൻ എസ്.ജെ.സൂര്യ നായകനായെത്തുന്ന കില്ലര്‍ സിനിമയുടെ ഷൂട്ടിംഗിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാന് ദാരുണാന്ത്യം.
സ്റ്റണ്ട്മാൻ ആയ മാധവന് (26) ആണ് മരിച്ചത്. സാങ്കേതിക പ്രവര്‍ത്തകരായ ശക്തിവേല്‍ (27) സൂര്യ (23), ദിനകരന് (24) എന്നിവരടക്കം നാല് പേർക്ക് പരിക്കേറ്റു. ഇവരെ ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്കും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലെ ബിന്നി മിൽസ് വളപ്പിൽ ബുധനാഴ്ച പുലർച്ചെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.
സ്ഫോടനദൃശ്യം ചിത്രീകരിക്കുന്നതിനായി വലിയ സിലിൻഡറിൽനിന്നുള്ള കാർബൺഡൈ ഓക്സൈഡ് വാതകം ചെറിയ സിലിൻഡറിലേക്കു മാറ്റുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ സാങ്കേതിക പ്രവര്‍ത്തകരെ ഉടന്‍ തന്നെ ആശുപത്രിലെത്തിച്ചെങ്കിലും മാധവന്റെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പൊട്ടിത്തെറിയുടെ യഥാര്‍ഥ കാരണം കണ്ടെത്തുമെന്നും ഷൂട്ടിംഗ് സമയത്ത് സ്ഥലത്ത് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോയെന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് താല്കാലികമായി നിര്‍ത്തിവച്ചു.അപകട സമയത്ത് സൂര്യ സ്ഥലത്തുണ്ടായിരുന്നോ എന്നതില്‍ വ്യക്തതയില്ല.
Tags : Gas cylinder explodes S.J. Surya Stuntman