അനുപമ പരമേശ്വരൻ
വിവാഹനിശ്ചയം നടത്തണമെന്ന വരന്റെയും അദ്ദേഹത്തിന്റെ വീട്ടുകാരുടെ ആവശ്യത്തിന് മുന്നിൽ നിന്നും പിൻമാറിയത് താനാണെന്ന് തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ.
പ്രണയബന്ധത്തിന്റെ ആരംഭത്തിൽ തന്നെ ചർച്ചകൾ വിവാഹനിശ്ചയത്തെക്കുറിച്ച് ആയിരുന്നു. പല കാരണങ്ങൾ പറഞ്ഞ് അതു താൻ തന്നെ നീട്ടി വയ്ക്കുകയായിരുന്നുവെന്നും അനുപമ വെളിപ്പെടുത്തി.
അഭിനയം അവസാനിപ്പിച്ച് പൂർണമായും തന്നെ അവരുടെ നിയന്ത്രണത്തിലാക്കാനുള്ള ധൃതിയുടെ ഭാഗമായിരുന്നു വിവാഹനിശ്ചയമെന്നും അനുപമ വെളിപ്പെടുത്തി.
ധന്യ വർമയ്ക്കു നൽകിയ അഭിമുഖത്തിലാണ് അനുപമയുടെ തുറന്നു പറച്ചിൽ.
‘വീട്ടുകാർ, പ്രിയപ്പെട്ട സുഹൃത്തുക്കൾ, എന്റെ കൂടെയുള്ള സ്റ്റാഫുകൾ എന്നിവർക്കെല്ലാം തുടക്കം മുതലേ ഈ ബന്ധം ശരിയല്ലെന്ന് അറിയാമായിരുന്നു. കാരണം എന്റെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അവർ കാണുന്നുണ്ടായിരുന്നു. ഞാൻ ചുരുങ്ങിപ്പോകുന്നത് അവർ കണ്ടു.
പ്രണയം തുടങ്ങി മൂന്ന് മാസം കൊണ്ട് വിവാഹനിശ്ചയത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങി. ഇതിന് പിന്നിൽ സ്നേഹമായിരുന്നില്ല. അഭിനയം നിർത്തിച്ച് പൂർണമായി കസ്റ്റഡിയിലാക്കാനുള്ള ധൃതിയാണെന്ന് എനിക്ക് മനസിലായി. അതുകൊണ്ട് തന്നെ വിവാഹനിശ്ചയം നടക്കാതിരിക്കാൻ പല കാരണങ്ങൾ പറഞ്ഞ് ഞാൻ അതു നീട്ടി വച്ചു.
ഇത് വളരെ വേഗത്തിലാണ് നടക്കുന്നത്, എന്തോ കുഴപ്പമുണ്ടെന്ന് മനസ് പറയും. ആ സമയത്ത് വളരെ ഭയന്നാണ് ജീവിക്കുന്നത്. പങ്കാളിയുടെ അടുത്ത് സമാധാനം തോന്നുന്നതിന് പകരം, "ഞാൻ ഇത് പറഞ്ഞാൽ അവന്റെ പ്രതികരണം എന്തായിരിക്കും?" എന്ന് ഓർത്ത് ഭയപ്പെട്ടു.’
ഞാൻ ആ വിവാഹനിശ്ചയ പ്രൊപ്പോസൽ നിരസിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ആ വ്യക്തിയെ വിവാഹം കഴിക്കുകയും ഒടുവിൽ അത് വിവാഹമോചനത്തിൽ കലാശിക്കുകയും ചെയ്യുമായിരുന്നു. ഞാൻ തന്നെയാണ് ആ വിവാഹനിശ്ചയം നിരന്തരം തടഞ്ഞത്.
കാരണം ഇതു സ്നേഹമല്ലെന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ അഭിനയം നിർത്താൻ വേണ്ടിയുള്ള അവരുടെ തിടുക്കം മാത്രമായിരുന്നു അത്. അവർ ചോദിക്കുമ്പോഴെല്ലാം ഞാൻ പറയുമായിരുന്നു, "ആ വ്യക്തി വളരെ ചെറുപ്പമാണെന്ന് എനിക്ക് തോന്നുന്നു, നമുക്ക് കുറച്ചുകൂടി സമയം വേണം, ഇത് ശരിയായ സമയമല്ല,’’ എന്ന്. കുട്ടികളുടെ കാര്യമാണെങ്കിൽ എഗ്ഗ് ഫ്രീസിംഗ് ഒക്കെ ചെയ്യാം. ഈ ബന്ധത്തിൽ ഞാൻ ഇത് പലതവണ നീട്ടിവെച്ചു.
ഇരുവീട്ടുകാർക്കും ഈ പ്രണയബന്ധത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും അനുപമ പറഞ്ഞു. അനുപമ അയാളുടെ കുടുംബത്തോടൊപ്പം താമസിച്ചിട്ടുണ്ട്. ആ വ്യക്തി അനുപമയുടെ കുടുംബത്തോടൊപ്പവും താമസിച്ചിട്ടുണ്ട്.
പക്ഷേ, അപ്പോഴാണ് ശരിയായ സ്വഭാവം തിരിച്ചറിഞ്ഞതെന്ന് അനുപമ പറഞ്ഞു. ‘ഇതാണ് എന്റെ ആൾ, ഇയാളോടൊപ്പമാണ് ഞാൻ ജീവിതം ചെലവഴിക്കാൻ പോകുന്നത് എന്ന് മനസ് ഉറപ്പിച്ചു കഴിയും. അപ്പോഴാണ് യഥാർത്ഥ സ്വഭാവം പുറത്തുവരുന്നത്. കാര്യങ്ങൾ കൂടുതൽ കർശനമായി. നിയന്ത്രണം കൂടുതൽ നേരിട്ടായി.
ഉദാഹരണത്തിന്, എന്റെ കരിയറിലെ ഏറ്റവും വിജയകരമായ സിനിമകളിലൊന്നായ 'ഡ്രാഗൺ' ഞാൻ എന്തുകൊണ്ട് പ്രമോട്ട് ചെയ്തില്ല? ചെയ്യാനിരുന്ന ഒരുപാട് പ്രോജക്റ്റുകൾ ഉപേക്ഷിക്കേണ്ടി വരുന്നു. എന്റെ പൂർണ നിയന്ത്രണത്തിലായിരുന്ന കാര്യങ്ങളിൽ നേരിട്ടുള്ള ഇടപെടലുകൾ ഉണ്ടായി. വളരെ സത്യസന്ധമായി പറഞ്ഞാൽ, "സുഖമാണോ?" എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ കരഞ്ഞുപോകുമോ എന്ന് എനിക്ക് ഭയമായിരുന്നു,’ അനുപമ വെളിപ്പെടുത്തി.
Tags : ANUPAMA PARAMESWARAN TOXIC RELATION CINEMA MALAYALAM MOVIE DRAGON MOVIE