സൂപ്പർഹിറ്റായി മാറിയ ചിത്രം വാഴ 2 തിയറ്ററിൽ കാണാത്തതിന്റെ സങ്കടം പങ്കുവച്ച് നടൻ കാളിദാസ് ജയറാം. ഒരു സിനിമയ്ക്ക് എങ്ങനെ ഇത്രയധികം സ്പർശിക്കാൻ കഴിയും എന്ന് താൻ ചിന്തിക്കുകയായിരുന്നുവെന്നും ആത്മാവിനെ സ്പർശിക്കുന്ന ചിത്രമായിരുന്നു ഇതെന്നും കാളിദാസ് കുറിച്ചു.
കാളിദാസിന്റെ കുറിപ്പിന്റെ പൂർണരൂപം
''വാഴ 2 തിയറ്ററിൽ കാണാത്തതിൽ ഞാൻ എന്നെത്തന്നെ ശപിക്കുന്നു. ഒടുവിൽ ഒടിടിയിൽ കണ്ടപ്പോൾ, ഒരു സിനിമയ്ക്ക് എങ്ങനെ എന്നെ ഇത്രയധികം സ്പർശിക്കാൻ കഴിയും എന്ന് ഞാൻ ഇപ്പോഴും ഇവിടെ ഇരുന്ന് ചിന്തിക്കുകയാണ്. ഇത് വെറുമൊരു സിനിമയല്ല, അത് ആത്മാവിനെ തൊടുന്നതാണ്.
കുഞ്ഞു ഹാഷിർ തന്റെ വളർത്തു മത്സ്യങ്ങൾക്ക് അമ്മ അധികമായി ഭക്ഷണം നൽകുന്നത് കണ്ടെത്തുന്ന ആദ്യ രംഗം മുതൽ ഞാൻ സിനിമയിൽ മുഴുകിപ്പോയിരുന്നു. ആ ചെറിയ നിമിഷം ചിത്രത്തിന്റെ സംവിധാനം, തിരക്കഥ, അഭിനയം എന്നിവയ്ക്കെല്ലാം മികച്ച ഒരു അടിത്തറയിട്ടു. എന്നാൽ രണ്ടാം പകുതിയാണ് യഥാർത്ഥത്തിൽ എന്റെ ഹൃദയം കവർന്നത്.
അലൻ തന്റെ അച്ഛനെ കെട്ടിപ്പിടിക്കാൻ പോകുമ്പോൾ, അച്ഛൻ അത് നിർത്തിക്കൊണ്ട് ‘വിമാനത്തിനുള്ള സമയമായി’ എന്ന് പറയുന്ന ആ നിമിഷം, അത് വളരെ യാഥാർഥ്യമായിരുന്നു, ആ രംഗം എന്നെ വേദനിപ്പിച്ചു. നമ്മുടെ വീടുകളിൽ നമ്മൾ കാണുന്ന, പറയാതെ പറഞ്ഞ, നിയന്ത്രിതമായ സ്നേഹമാണത്.
ഹാഷിർ തന്റെ സഹോദരനോട് പറയുന്നുണ്ട്, ‘ഒരു ചീത്തപ്പേര് നേടുന്നത് എളുപ്പമാണ്, പക്ഷേ അതിൽ നിന്ന് മുക്തി നേടാൻ വളരെ ബുദ്ധിമുട്ടാണ്’ എന്ന വാക്കുകൾ ഞാൻ എല്ലാക്കാലവും ഓർക്കും.
അലൻ-ആഷ്ന തമ്മിലുള്ള സഹോദരബന്ധം എന്റെ സഹോദരി മാളവികയുമായിട്ടുള്ള എന്റെ ബന്ധത്തെ ഓർമ്മിപ്പിച്ചു. അവൻ ‘ഞാനല്ലാതെ മറ്റാര്?’ എന്ന് പറയുമ്പോൾ, ഒരു സഹോദര ബന്ധത്തിന്റെ യഥാർത്ഥ ആഴം ആ വാക്കുകളിൽ കാണാം.
ചിത്രത്തിലെ എല്ലാ അഭിനേതാക്കളും വലിയ കൈയടി അർഹിക്കുന്നുണ്ട്. ഹാഷിർ, അലൻ,വിനായക്, ദേവരാജ്, അജിൻ, ബിജുക്കുട്ടൻ, വിജയ് ബാബു എല്ലാവരുടെയും കാസ്റ്റിംഗ് മികച്ചതായിരുന്നു. അൽഫോൺസ് പുത്രൻ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്.
അദ്ദേഹത്തിന് മാത്രം പുലർത്താൻ കഴിയുന്ന സത്യസന്ധത അഭിനയത്തിലുണ്ടായിരുന്നു. സംവിധായകൻ സാവിൻ സാ ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ മാത്രമല്ല, ഒരു മനുഷ്യൻ എന്ന നിലയിലും നിങ്ങളിതാ വിജയിച്ചിരിക്കുന്നു.
നിങ്ങൾ കഥയെ അവസാനിപ്പിച്ച രീതി മത്സ്യങ്ങളെക്കൊണ്ട് തുടങ്ങി രണ്ട് ഗോൾഡ്ഫിഷുകളുടെ അവസാനത്തെ ഷോട്ടിൽ എത്തിയത്, അത് കാവ്യാത്മകമായിരുന്നു. കോടിക്കണക്കിന് സഹോദരങ്ങളുടെ ജീവചരിത്രം എഴുതി നമ്മുടെ ജീവിതത്തിലെ പോരാട്ടങ്ങളെയും സന്തോഷങ്ങളെയും താളപ്പിഴകളെയും വെള്ളിവെളിച്ചം കാണിച്ചതിന് നന്ദി''.
Tags : kalidas jayaram vazha 2 movie