ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ കാട്ടാളന്റെ റിലീസിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ സിനിമയുടെ അണിയറയില്‍ അപ്രതീക്ഷിത മാറ്റം. ചിത്രത്തിന്റെ സംഗീത സംവിധായകനായിരുന്ന ബി. അജനീഷ് ലോകനാഥിനു പകരം രവി ബസ്രൂര് സംഗീതമൊരുക്കും.
കെജിഎഫ്, സലാര്‍ തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യയിലാകെ തരംഗം സൃഷ്ടിച്ച രവി ബസ്രൂര് വീണ്ടും മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
നേരത്തെ ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ എന്ന ചിത്രത്തിനു സംഗീതം നല്‍കിക്കൊണ്ടാണ് രവി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. മാര്‍ക്കോയുടെ നിര്‍മാതാക്കളായ ക്യൂബ്സ് എന്റര്ടൈന്മെന്റ്സ് തന്നെയാണ് കാട്ടാളനും പ്രേക്ഷകരിലേത്തിക്കുന്നത്.
കാന്താരയിലൂടെ പ്രശസ്തനായ അജനീഷ് ലോകനാഥ് നേരത്തെ കാട്ടാളന് വേണ്ടി മജക്കോ മല്ലിക... എന്ന ഗാനവും ടീസറിന്റെ പശ്ചാത്തല സംഗീതവും ഒരുക്കിയിരുന്നു. എന്നാല്‍ അവസാന നിമിഷം ഇത്തരമൊരു മാറ്റത്തിലേക്ക് അണിയറപ്രവര്‍ത്തകരെ നയിച്ച കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം ആനക്കൊമ്പ് കടത്തുമായി ബന്ധപ്പെട്ട പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്.
ഉണ്ണി ആര്. സംഭാഷണം രചിക്കുന്ന ചിത്രത്തില്‍ ദുഷാര വിജയന്, സുനില്‍, ജഗദീഷ്, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയുണ്ട്. മേയ് 14-ന് ചിത്രം തിയറ്ററുകളില്‍ എത്തും.
Tags : Ravi Basrur Ajaneesh Lokanath music Kattalan