നയൻതാരയും കവിനും.
തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും യുവതാരം കവിനും ഒന്നിച്ച റൊമാന്റിക് കോമഡി ചിത്രം 'ഹായ്' ആദ്യ വാരാന്ത്യത്തിൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്നു. മൂന്നാം ദിനമായ ഞായറാഴ്ച മികച്ച കളക്ഷനാണ് ചിത്രം നേടിയത്.
ഓഗസ്റ്റ് 28ന് റിലീസ് ചെയ്ത ചിത്രം, ആദ്യദിനം 1.25 കോടി രൂപ നെറ്റ് കളക്ഷൻ നേടിയിരുന്നു. ശനിയാഴ്ച കളക്ഷനിൽ വലിയ കുതിപ്പു രേഖപ്പെടുത്തിയ ചിത്രം, 2.15 കോടി രൂപ നേടി. മൂന്നാം ദിനമായ ഞായറാഴ്ച 2.20 കോടി രൂപ നെറ്റ് കളക്ഷൻ (ഗ്രോസ് 2.68 കോടി) നേടിയതോടെ ചിത്രത്തിന്റെ മൂന്നു ദിവസത്തെ ആഗോള കളക്ഷൻ 6.62 കോടി രൂപയായി ഉയർന്നു. 5.70 കോടി രൂപയാണ് ചിത്രത്തിന്റെ മൂന്നു ദിവസത്തെ ആഭ്യന്തര നെറ്റ് കളക്ഷൻ.
ശനിയാഴ്ച 43.5 ശതമാനമായിരുന്ന തിയേറ്റർ ഒക്യുപൻസി ഞായറാഴ്ച 47 ശതമാനമായി വർധിച്ചു. തമിഴ്നാട്ടിൽനിന്നു മാത്രം ഞായറാഴ്ച 2.25 കോടി രൂപ ചിത്രം നേടി. മൂന്നു ദിവസത്തിനിടെ തമിഴ്നാട്ടിൽനിന്നു മാത്രം 5.50 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്. കർണാടകയിൽനിന്ന് 47 ലക്ഷം രൂപയും ലഭിച്ചു. ചിത്രത്തിനൊപ്പം റിലീസ് ചെയ്ത അർജുൻ ദാസിന്റെ വൺസ് മോർ ഇതുവരെ 1.13 കോടി രൂപ മാത്രമാണു നേടിയത്.
ഗാനരചയിതാവും അസിസ്റ്റന്റ് ഡയറക്ടറുമായിരുന്ന വിഷ്ണു എടവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ഹായ്'. വിഗ്നേഷ് ശിവനും നയൻതാരയും ചേർന്നുള്ള റൗഡി പിക്ചേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ എസ്.എസ്. ലളിത് കുമാറും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. വരും ദിവസങ്ങളിലും ചിത്രം മികച്ച കളക്ഷൻ നിലനിർത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
Tags : Entertainment Nayanthara Kavin HiMovie TamilCinema