പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായി രമേശ് പിഷാരടി എത്തിയത് ആഘോഷത്തോടെയാണ് സിനിമാലോകം സ്വീകരിച്ചത്. അരനൂറ്റാണ്ടിലധികം ലോകത്തുതന്നെ ഏറ്റവും കൂടുതൽ വോട്ട് അടയാളപ്പെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നാണ് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പിഷാരടി കുറിച്ചത്.
അരങ്ങിൽ അവതരിപ്പിക്കുന്ന കലാപരിപാടികൾക്ക് അർധവിരാമമിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മഞ്ജു വാര്യർ, ആഷിഖ് അബു, ജോഫിൻ ടി. ചാക്കോ, ബോബി കുര്യൻ, ആര്യ ബാബു തുടങ്ങി നിരവധി പേരാണ് പിഷാരടിക്ക് ആശംസകളുമായെത്തിയത്.
രമേഷ് പിഷാരടിയുടെ വാക്കുകൾ
ജനവിധി തേടി ജന്മനാട്ടിലേക്ക്,
പ്രിയപ്പെട്ടവരെ കഴിഞ്ഞ 25 വർഷത്തിലധികമായി വേദികളിലൂടെയും ടെലിവിഷൻ, സിനിമ മറ്റു മാധ്യമങ്ങളിലൂടെയും നിങ്ങൾക്ക് മുന്നിലെത്തിയ ആളാണ് ഞാൻ. ഇക്കാലമത്രയും ചിന്തയും ചിരിയും ഏറ്റവും സഭ്യവും മാന്യവുമായി പങ്കുവയ്ക്കാനായി എന്ന് വിശ്വസിക്കുന്നു.
ഇനി പുതിയ ഒരു ഉത്തരവാദിത്ത്വവുമായി ജന്മനാടായ പാലക്കാടിന്റെ മണ്ണിലേക്ക് ; നിയമസഭാ സ്ഥാനാർഥി ആയി. സ്വാതന്ത്ര്യ സമരം മുതൽ ‘ഇന്ത്യ’എന്ന മഹാരാജ്യം മതേതരരാജ്യം കെട്ടിപ്പെടുക്കുന്നതിൽ ഒറ്റയ്ക്ക് നിലകൊണ്ട് കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിനൊപ്പം.
അര നൂറ്റാണ്ടിലധികം കാലം കൊണ്ട് ലോകത്തു തന്നെ ഏറ്റവും കൂടുതൽ വോട്ട് അടയാളപ്പെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിൽ ആണ് മത്സരിക്കുക. അഭിമാനം സന്തോഷം.
ഇനി പാലക്കാടുള്ള ജനങ്ങൾക്കും....അവരുടെ ആവശ്യങ്ങൾക്കും തന്നെയാണ് എന്റെപ്രഥമ പരിഗണന. അരങ്ങിൽ ഞാൻ അവതരിപ്പിക്കുന്ന കലാപരിപാടികളിൽ നിന്നും അർദ്ധ വിരാമം....കക്ഷി രാഷ്ട്രീയത്തിന്റെയോ,വിശ്വാസങ്ങളുടെയോ ദേശത്തിന്റെയോ വേർതിരിവും വേലികളും ഇല്ലാത്ത സ്നേഹം ആണ് ഞാൻ നിങ്ങളിൽ നിന്നും അനുഭവിച്ചത്. എനിക്ക് തന്ന സ്നേഹം തിരികെ തരാൻ കഠിന പ്രയത്നം ചെയ്യും. കഴിഞ്ഞ കാലങ്ങളിൽ എന്ന പോലെ ഒപ്പം നിങ്ങൾ ഉണ്ടെന്ന വിശ്വാസത്തോടെ...സ്നേഹത്തോടെ രമേഷ് പിഷാരടി.
Tags : Ramesh Pisharady udf candidate