വയലാര്‍, ദേവരാജന്‍, യേശുദാസ്, ഹരിഹരന്
സംവിധായകന് ഹരിഹരന്റെ സിനിമാജീവിതത്തിന്റെ തുടക്കകാലം. അദ്ദേഹത്തിന്റെ നിര്‍ദേശത്തില്‍ രാജഹംസം എന്ന സിനിമയ്ക്കുവേണ്ടി വയലാര്‍ രാമവര്‍മ ഒരു പാട്ടെഴുതി നല്കുന്നു. എന്നാല്‍ സന്ദര്‍ഭത്തിനു യോജിച്ച രീതിയില്‍ പാട്ട് എത്തിയിട്ടില്ലെന്ന തോന്നല്‍ ഹരിഹരനുണ്ടായി.
അക്കാലത്ത് വളരെ പ്രശസ്തനാണ് വയലാര്‍. വയലാറിനോട് എങ്ങനെയാണ് ഗാനം മാറ്റി എഴുതി നല്കുന്ന കാര്യം പറയുന്നത് ? ഹരിഹരന് വിഷമത്തിലായി. ഒരുവിധം ധൈര്യം സംഭരിച്ച് വയലാറിനോട് പാട്ട് ഒന്ന് മാറ്റി തരാമോ എന്ന് ചോദിച്ചു. ഹരിഹരന്റെ ആവശ്യം വയലാറിന് ആദ്യം ഇഷ്ടമായില്ല. പാട്ട് മാറ്റാം എന്നോ മാറ്റില്ലെന്നോ കൃത്യമായി പറയാതെ ഫോണ്‍ വച്ചു. എന്താവും പരിണതഫലം എന്നറിയാതെ ഹരിഹരനും ധര്‍മസങ്കടത്തിലായി.
അടുത്ത ദിവസം പുലര്‍ച്ചെ മൂന്നരയ്ക്ക് ഹരിഹരന്റെ ലാന്ഡ്ഫോണ് മുഴങ്ങി. ഫോണെടുത്തപ്പോള്‍ മറുതലയ്ക്കല്‍ വയലാര്‍ രാമവര്‍മയാണ്. ‘പാട്ട് മാറ്റിയിട്ടുണ്ട്. എഴുതി എടുത്തോള്ളൂ’ എന്ന് വയലാര്‍. ഉറക്കച്ചടവില്‍ എഴുന്നേറ്റ് ഹരിഹരന് പേനയും പേപ്പറും എടുത്തു.... സൗമ്യശബ്ദത്തില്‍ വയലാര്‍ പറഞ്ഞുതുടങ്ങി.
’സന്യാസിനീ നിന് പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായി വന്നു...’പാട്ട് പുരോഗമിക്കുംതോറും ആഹ്ലാദവും അഭിമാനവും എല്ലാംകൂടി ഹരിഹരന്റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി. നിന്റെ മനസിന്റെ തീക്കനല്‍ കണ്ണില്‍ വീണെന്റെ ഈ പൂക്കള്‍ കരിഞ്ഞു...രാത്രി പകലിനോടെന്നപോലെയാത്ര ചോദിപ്പൂ ഞാന്‍...’
വയലാര്‍ തുടര്‍ന്നപ്പോള്‍ ഹരിഹരന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.
പാട്ട് മാറ്റിയെഴുതാന്‍ ആദ്യം വൈമുഖ്യം കാണിച്ചുവെങ്കിലും രാജഹംസത്തിലെ പ്രേംനസീര്‍ ജീവന് നല്കുന്ന ചന്ദ്രന് എന്ന കഥാപാത്രമായി വയലാര്‍ മാറിപ്പോയപ്പോള്‍ സന്യാസിനീ... എന്ന അനശ്വരഗാനം പിറന്നു.
ഹരിഹരന് തന്നെ പറഞ്ഞ ഈ കഥ ആസ്വാദകരോട് പങ്കുവച്ചത് കവിയും മുന്‍ ചീഫ് സെക്രട്ടറിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ കെ. ജയകുമാറാണ്. തിരുവനന്തപുരം സെക്രട്ടേറിയറ്റ് പാട്ടുകൂട്ടത്തിന്റെ പ്രതിമാസ പരിപാടിയായിരുന്നു വേദി. വയലാറിന്റെ 50-ാം ഓര്മവാര്ഷികത്തിന്റെ ഭാഗമായി കെ. ജയകുമാര്‍ നടത്തിയ പ്രഭാഷണപരമ്പരയിലായിരുന്നു വയലാറിന്റെ സര്ഗപ്രപഞ്ചത്തിലേക്കുള്ള യാത്ര.
1974ല്‍ പുറത്തിറങ്ങിയ രാജഹംസത്തിനുവേണ്ടി ഗാനഗന്ധര്വന് യേശുദാസ് പാടിയ സന്യാസിനീ... എന്ന ഗാനം മലയാളത്തിലെ തീവ്ര പ്രണയനൊമ്പര ഗാനമായി നിരൂപകന്മാര് വിലയിരുത്തുന്നു.
ഇനി ‘സന്യാസിനി’.... യുടെ സംഗീതത്തിലേക്കു കടക്കാം. കാപി രാഗത്തിലാണ് വിരഹത്തിന്റെ കനല് എരിഞ്ഞുനീറുന്ന ഗാനം ജി. ദേവരാജന്‍ എന്ന സംഗീത മാന്ത്രികന് സൃഷ്ടിച്ചിട്ടുള്ളത്. ശോകാര്‍ദ്രത അലിയുന്നതും രാത്രികാലങ്ങളില്‍ പാടാന്‍ യോജിച്ച രാഗവുമാണ് കാപി. ഹിന്ദുസ്ഥാനി സ്പര്‍ശമുള്ള കര്‍ണാടക രാഗമാണ്.
തുടക്കത്തില്‍ സന്യാസിനീ എന്ന് പാടിയ ശേഷം നിറയുന്ന ‘ഓ’.... എന്ന ഹമ്മിംഗ് ഉണ്ട്. പ്രണയിനിയുടെ വേര്‍പാടില്‍ ചുട്ടുപൊള്ളുന്ന കാമുകന്റെ ഹൃദയത്തില്‍ നിന്നുയരുന്ന തേങ്ങല്‍ പോലയാണത്.
മൃദുവാണ് ! എന്നാല്‍ നായകനില്‍നിന്ന് പാട്ടിന്റെ ഒടുവില്‍ ഉയരുന്ന ഹമ്മിംഗ് ആകട്ടെ ദുഃഖത്തിന്റെ കടലലപോലെ ഉയരുന്നതു കാണാം. രാത്രി പകലിനോട് എന്ന പോലെ പ്രണയിനിയോടു യാത്ര പറയുന്ന കാമുകന്റെ ആത്മാവിന്റെ നിലവിളിയാണത്!
വയലാറിന്റെ ആദ്യ ഭാര്യ ചന്ദ്രമതി തമ്പുരാട്ടിയുടെ ഓര്‍മയില്‍ എഴുതിയ ഗാനം എന്ന് വിശ്വസിക്കുന്നവരുണ്ട്. അടുത്ത കാലത്തായി അങ്ങനെയല്ല എന്ന വാദവും ഉയര്‍ന്നുവരുന്നുണ്ട്. എന്തായാലും ഹരിഹരന് അഭിമാനിക്കാം. വയലാര്‍ എന്ന ഗന്ധര്‍വ കവിയെക്കൊണ്ട് ഗാനം മാറ്റി എഴുതിച്ചതില്‍. ഒരുപക്ഷേ, കാലം ഹരിഹരനെ ഇത്തരമൊരു ദൗത്യത്തിന് നിയോഗിച്ചതാകാം...