തമിഴ്സിനിമയിലെ പ്രമുഖ ഹാസ്യനടൻ വടിവേലുവിനെക്കുറിച്ച് നടി സോന ഹെയ്ഡൻ വെളിപ്പെടുത്തിയ കാര്യങ്ങൾ ചർച്ചയാകുന്നു. വടിവേലുവിനൊപ്പം അഭിനയിച്ച സമയങ്ങളെല്ലാം ദുസഹമായിരുന്നുവെന്നും സ്വന്തം അഭിമാനം രക്ഷിക്കാൻ വേണ്ടി പിന്നീട് പല വേഷങ്ങളും വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.
തമിശ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സോനയുടെ ഈ വെളിപ്പെടുത്തൽ.
ലാഭകരമായ 16-ഓളം സിനിമകളിൽ വടിവേലുവിനൊപ്പം അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പെരുമാറ്റം സഹിക്കാൻ കഴിയാത്തതുകൊണ്ടും ആത്മാഭിമാനം പണയപ്പെടുത്താൻ തയാറല്ലാത്തതുകൊണ്ടും ആ വലിയ അവസരങ്ങളെല്ലാം താൻ നിരസിച്ചു.
അദ്ദേഹത്തെ കൈകാര്യം ചെയ്യുക എന്നത് ആർക്കും എളുപ്പമുള്ള കാര്യമല്ലെന്നും ചില കാര്യങ്ങൾ പൊതുവേദിയിൽ വെളിപ്പെടുത്താൻ കഴിയില്ലെന്നും നടി കൂട്ടിച്ചേർത്തു.
''ഒരു ഘട്ടത്തിൽ അഭിനയ ജീവിതം പൂർണമായും ഉപേക്ഷിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു. ഈ ഇൻഡസ്ട്രിയിലെ സാഹചര്യം ആരെയും വിശ്വസിക്കാൻ കൊള്ളാത്ത രീതിയിലുള്ളതാണ്. പലരിൽ നിന്നും എനിക്ക് നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. എനിക്കത് ഇനി സഹിക്കാൻ കഴിയില്ലായിരുന്നു; അതുകൊണ്ടാണ് ഞാൻ സിനിമാ മേഖലയിൽ നിന്ന് അകലം പാലിച്ചത്.
വടിവേലുവിനൊപ്പം അഭിനയിക്കാൻ മാത്രം 16-ലധികം അവസരങ്ങൾ എനിക്ക് ലഭിച്ചു, പക്ഷേ അവയെല്ലാം ഞാൻ നിരസിച്ചു. അദ്ദേഹത്തെ സഹിക്കുക എന്നത് അങ്ങേയറ്റം പ്രയാസകരമായ കാര്യമാണ്. ഒരാൾക്കും അദ്ദേഹത്തെ കൈകാര്യം ചെയ്യാൻ കഴിയില്ല.
ചില കാര്യങ്ങൾ എനിക്ക് പരസ്യമായി പറയാൻ കഴിയില്ല, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എന്റെ ആത്മാഭിമാനമാണ് ഏറ്റവും പ്രധാനം.’’ സോന പറയുന്നു.
വടിവേലുവിന്റെ സഹപ്രവർത്തകരോടുള്ള പെരുമാറ്റത്തെക്കുറിച്ച് മുമ്പും പല വിവാദങ്ങളും ഉയർന്നിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം കരിയറിൽ ചെറിയ തിരിച്ചടികൾ നേരിട്ട താരം ഇപ്പോൾ മാരീസൻ പോലുള്ള ചിത്രങ്ങളിലൂടെ വീണ്ടും സജീവമാകാൻ ശ്രമിക്കുകയാണ്.
Tags : Sona haiden vadivelu movie news