നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട തർക്കം വന്നതിനെത്തുടർന്ന് ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയ തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ എം.ആർ.പല്ലവിയുടെ പെരുമാറ്റം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
ഈ വിഷയത്തിൽ പല്ലവിക്ക് പിന്തുണയുമായി വിജയ് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
പ്രോട്ടോക്കോൾ തർക്കത്തെ തുടർന്നാണ് ചെന്നൈയിലെ പുളിയന്തോപ്പിൽ കോർപ്പറേഷന്റെ ക്ലാസ്റൂം കെട്ടിട ഉദ്ഘാടന ചടങ്ങിൽ നിന്ന് പല്ലവി ഇറങ്ങിപ്പോയത്.
ഡിഎംകെ മേയർ പ്രിയയുമായുള്ള പ്രോട്ടോക്കോൾ തർക്കത്തെത്തുടർന്ന് തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ എം.ആർ.പല്ലവി ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് എംഎൽഎയുടെ ഇറങ്ങിപ്പോക്കിൽ കലാശിച്ചത്. ഏതാനും മാസങ്ങൾക്ക് മുൻപ് അമ്മയായ പല്ലവി, കൈകുഞ്ഞുമായാണ് പരിപാടിക്ക് എത്തിയത്.
അമ്മയായ പല്ലവിയെ ഡിഎംകെ മേയർ അപമാനിച്ചുവെന്നും ഇതു ശരിയായ നടപടിയല്ലെന്നും വ്യക്തമാക്കി വിജയ് ആരാധകർ രംഗത്തെത്തി.
ടിവികെയുടെ എംഎൽഎയാണ് പല്ലവി. ചടങ്ങിൽ നിലവിളക്ക് കൊളുത്തുന്നതിൽ ആദ്യം ആർക്കാണ് അവകാശമെന്നതിനെച്ചൊല്ലിയായിരുന്നു തർക്കം. മേയർ കഴിഞ്ഞാൽ ഐഎഎസ് ഉദ്യോഗസ്ഥരാണ് വിളക്ക് കൊളുത്തേണ്ടതെന്ന് മേയർ പ്രിയ വാദിച്ചു.
എന്നാൽ, ജനപ്രതിനിധി എന്ന നിലയിൽ തനിക്കാണ് ആദ്യം അവസരം നൽകേണ്ടതെന്ന് ടിവികെ എംഎൽഎ ആവശ്യപ്പെട്ടു. ഉദ്ഘാടനത്തിനായി നാട മുറിക്കാൻ എംഎൽഎ കത്രിക എടുക്കുന്നതിനു മുൻപുതന്നെ മേയർ മറ്റൊരു കത്രിക എടുത്ത് നാട മുറിച്ചതായും ഡിഎംകെ കൗൺസിലറെ മുൻപോട്ട് നിർത്തി തന്നെ വീണ്ടും ഒഴിവാക്കാൻ ശ്രമിച്ചതായും പല്ലവി ആരോപിച്ചു.
തുടർന്ന് നിലവിളക്ക് കൊളുത്തുന്ന ചടങ്ങിൽ എംഎൽഎ മെഴുകുതിരി ലഭിക്കാനായി കൈനീട്ടി നിൽക്കുമ്പോൾ മേയർ അത് അവർക്ക് നൽകാതെ മുന്നോട്ട് പോവുകയായിരുന്നു. എംഎൽഎ മെഴുകുതിരി ലഭിക്കാതെ നിൽക്കുന്നതിന്റെയും തുടർന്ന് പ്രതിഷേധവുമായി ചടങ്ങ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.