തെന്നിന്ത്യൻ താരം ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സി. യുടെയും മകള്‍ അവന്തിക സുന്ദർ ഇനി തമിഴ് അരങ്ങേറ്റത്തിനൊരുങ്ങുന്നു. ആരംഭം എന്ന മലയാളത്തില്‍ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ തമിഴിലേക്കും എത്തുകയാണ് അവന്തിക.
യുവതാരം പവിഷ് നായകനാകുന്ന ചിത്രത്തില്‍ അവന്തിക ആണ് നായിക. നവാഗതനായ ധനു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ ആരംഭിക്കും. വോളിബാള്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സ്പോർട്സ് ഡ്രാമ എണ്‍പതുകളുടെ പശ്ചാത്തലമാണ്. പ്രശസ്ത സംവിധായകൻ പാ രഞ്ജിത്തിന്റെ ശിഷ്യനാണ് സംവിധായകൻ ധനു.
അതേസമയം മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ആരംഭം സുജേഷ് ആനി ഈപ്പൻ സംവിധാനം ചെയ്യുന്നു. 23 വർഷത്തിനുശേഷം പ്രശസ്ത തെന്നിന്ത്യൻ താരം സരിത മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടി ആണ്.
അമ്മയും മകളുമായാണ് സരിതയും അവന്തികയും അഭിനയിക്കുന്നത്. അല്‍ത്താഫ് സലിം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണ ശങ്കർ, കലാഭവൻ ഷാജോണ്‍, സുനില്‍ സുഗത, വിജി വെങ്കടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ, രമേഷ് കോട്ടയം, സൗമ്യ ഭാഗ്യം പിള്ള, സ്ഫടികം ജോർജ്, ശെന്തില്‍ കൃഷ്ണ, ഷിൻസ്, തഴവ സഹദേവൻ, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാർ സേതു, ഷോബി തിലകൻ, സജിമോൻ, ലിഷോയ്, ഷാനവാസ്, മൂന്നാർ രമേഷ്, ജിനു കോട്ടയം, രഞ്ജൻ ദേവ്, ആർദ്ര മോഹൻ, അർണവ്, ഹരി നമ്പൂതിരി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കഥ, തിരക്കഥ, സംഭാഷണം ജോസ്ലെറ്റ് ജോസഫ്, അജോയ് തമ്പി , ഛായാഗ്രഹണം അജയൻ വിൻസെന്റ്.