ഉണ്ണി മുകുന്ദൻ
നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു. കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ പ്രൊഡക്ഷൻ ഹൗസായ പനോരമ സ്റ്റുഡിയോസും നടൻ ഉണ്ണി മുകുന്ദന്റെ ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നൊരുക്കുന്ന പുതിയ മലയാള ചിത്രമാണ് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യുന്നത്.
ആക്ഷൻ ത്രില്ലറായ ചിത്രത്തിന്റെ രചനയും ഉണ്ണി മുകുന്ദനാണ് നിർവഹിക്കുന്നത്. മാർക്കോയ്ക്ക് ശേഷം പാൻ ഇന്ത്യൻ തലത്തിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രം കൂടിയാണിത്.
ഇന്ത്യൻ സിനിമയിലെ മുൻനിര നിർമ്മാണ കമ്പനികളിലൊന്നായ പനോരമ സ്റ്റുഡിയോസ്, 'ഓംകാര', 'സ്പെഷ്യൽ 26', 'പ്യാർ കാ പഞ്ച്നാമ', 'റെയ്ഡ്', 'ഷൈത്താൻ', 'ദൃശ്യം' ഫ്രാഞ്ചൈസി തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയവരാണ്.
അമ്പതിലധികം പുരസ്കാരങ്ങൾ കരസ്ഥമാക്കിയ പനോരമ സ്റ്റുഡിയോസിനൊപ്പമാണ് ഉണ്ണി മുകുന്ദൻ തന്റെ അമ്പതാം ചിത്രം സംവിധാനം ചെയ്യുന്നത്.
ഉണ്ണി മുകുന്ദന്റെ കരിയറിലെ 50-ാമത് ചിത്രമാണിത് എന്ന പ്രത്യേകതയുമുണ്ട്.
‘ഉണ്ണി മുകുന്ദനുമായും അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയുമായും സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ശക്തനായ ഒരു പാൻ-ഇന്ത്യൻ താരമാണ് ഉണ്ണി. തന്റെ 50-ാമത് ചിത്രത്തിൽ രചയിതാവായും സംവിധായകനായും അദ്ദേഹം അരങ്ങേറുന്നത് ഈ കൂട്ടുകെട്ടിന് മാറ്റുകൂട്ടുന്നു. ഈ സിനിമയുടെ പ്രമേയത്തിലും ഉണ്ണിയുടെ ക്രിയേറ്റീവ് എനർജിയിലും ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്’, സിനിമയെക്കുറിച്ച് പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥക് പറഞ്ഞു.
Tags : Unni Mukundan director Panorama Studios producer malayalam cinema