പുതിയ ചിത്രത്തിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വാൽ കിമർ വീണ്ടും വെള്ളിത്തിരയിലേക്ക് വരുന്നു ഹോളിവുഡ് ഇതിഹാസം അന്തരിച്ച വാൽ കിമർ വരാനിരിക്കുന്ന ആസ് ഡീപ് ആസ് ദി ഗ്രേവ് എന്ന ചിത്രത്തിലൂടെ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ വെള്ളിത്തിരയിൽ വീണ്ടും എത്തുന്നു.
തൊണ്ടയിലെ അർബുദം ബാധിച്ച് 65ാം വയസിൽ മരിക്കുന്നതിന് മുമ്പ് ഈ പ്രോജക്റ്റുമായി അദ്ദേഹം സഹകരിച്ചിരുന്നു. ചിത്രത്തിൽ തദ്ദേശീയ അമേരിക്കൻ ആത്മീയവാദിയും കത്തോലിക്കാ പുരോഹിതനുമായ ഫാദർ ഫിന്റൺ എന്ന പ്രധാന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
കിമറിന്റെ മക്കളായ മെഴ്സിഡസിന്റെയും ജാക്കിന്റെയും പിന്തുണയോടെ അത്യാധുനിക ജനറേറ്റീവ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങൾ കോർത്തിണക്കിയാണ് ഈ കഥാപാത്രത്തെ പുനർനിർമ്മിക്കുന്നത്.
ഒരു നടന്റെ ഭൗതികസാന്നിധ്യമില്ലാതെ തന്നെ അദ്ദേഹത്തിന്റെ രൂപവും ഭാവവും ശബ്ദവും കൃത്യതയോടെ പുനഃസൃഷ്ടിക്കാൻ കഴിയുന്ന ഡിജിറ്റൽ റിസറക്ഷൻ എന്ന നൂതന വിദ്യയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്.
കിൽമറുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ദൃശ്യങ്ങളും ചിത്രങ്ങളും വിശകലനം ചെയ്ത് നിർമ്മിത ബുദ്ധിയിലൂടെ അദ്ദേഹത്തിന്റെ ഒരു ഡിജിറ്റൽ ക്ലോൺ നിർമ്മിച്ചാണ് ഈ ദൗത്യം പൂർത്തിയാക്കുന്നത്.
1920-കളിൽ നവാജോ ജനതയ്ക്കൊപ്പം പ്രവർത്തിച്ച പുരാവസ്തു ഗവേഷകരായ ആൻ, ഏൾ മോറിസ് എന്നിവരുടെ യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിൽ ടോം ഫെൽറ്റൺ, അബിഗെയ്ൽ ലോറി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
എഐയുടെ ഉപയോഗം സിനിമാമേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നുണ്ടെങ്കിലും, ഇത് വാല് കിമർ ആഗ്രഹിച്ച ഒരു പ്രോജക്റ്റാണെന്നും അതുകൊണ്ട് തന്നെ ഈ നീക്കം അർത്ഥവത്താണെന്നുമാണ് സംവിധായകൻ കോർട്ടെ വൂർഹീസ് വ്യക്തമാക്കുന്നത്.
Tags : artificial intelligence Val Kimer movie news