ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി, കേന്ദ്രമന്ത്രി രാം നാഥ് ഠാക്കൂർ തുടങ്ങി പുതുതായി തെരഞ്ഞെടുക്കപ്പെട്ട 16 രാജ്യസഭാ എംപിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
ഇന്നലെ നടന്ന ചടങ്ങിൽ രാജ്യസഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണൻ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ബിഹാർ, ആസാം, ഹരിയാന, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളാണു സത്യപ്രതിജ്ഞ ചെയ്തത്. ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞദിവസം രാജ്യസഭാംഗമായി ചുമതലയേറ്റിരുന്നു.
സത്യപ്രതിജ്ഞ ചെയ്തവരിൽ 11 പേർ എൻഡിഎയിൽനിന്നും അഞ്ചുപേർ കോണ്‍ഗ്രസിൽനിന്നും ഉള്ളവരാണ്. ബിജെപി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ബിഹാറിലെ എംഎൽഎസ്ഥാനം രാജിവച്ചാണ് നിതിൻ നബിൻ രാജ്യസഭയിലെത്തുന്നത്. ബിഹാറിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രാം നാഥ് ഠാക്കൂറിനൊപ്പം ഉപേന്ദ്ര കുശ്വാഹ (ആർഎൽഎം), ശിവേഷ് കുമാർ (ബിജെപി) തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു.
ആസാമിൽനിന്ന് തേരാഷ് ഗോവാല (ബിജെപി), ജോഗൻ മോഹൻ (ബിജെപി), പ്രമോദ് ബോറോ (യുപിപിഎൽ) എന്നിവരും ഛത്തീസ്ഗഡിൽനിന്ന് ലക്ഷ്മി വർമ (ബിജെപി), ഫൂലോ ദേവി നേതം (കോണ്‍ഗ്രസ്) തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു.
ഹരിയാനയെ പ്രതിനിധീകരിച്ചു കരംവീർ സിംഗ് ബൗദ്ധ് (കോണ്‍ഗ്രസ്), സഞ്ജയ് ഭാട്ടിയ (ബിജെപി) എന്നിവരും തെലുങ്കാനയിൽനിന്ന് കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് മനു സിംഗ്വി, വെം നരേന്ദ്ര റെഡ്ഢി എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഒഡീഷയിൽനിന്ന് ബിജെപിയുടെ സുജിത് കുമാറും ഹിമാചൽ പ്രദേശിൽനിന്ന് കോണ്‍ഗ്രസ് അംഗം അനുരാഗ് ശർമയും സത്യപ്രതിജ്ഞ ചെയ്തു