കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പിടിച്ചുലയ്ക്കുന്ന ആഭ്യന്തര കലഹങ്ങൾക്കിടയിൽ പാർട്ടിയിൽ വൻ പൊളിച്ചെഴുത്തുമായി മമത ബാനർജി. ബംഗാളിലെ മുഴുവൻ പാർട്ടി കമ്മിറ്റികളും വിദ്യാർത്ഥി-യുവജന സംഘടനകൾ ഉൾപ്പെടെയുള്ള എല്ലാ പോഷക സംഘടനകളും അടിയന്തര പ്രാബല്യത്തോടെ പിരിച്ചുവിട്ടതായി പാർട്ടി നേതൃത്വം അറിയിച്ചു. പാർട്ടിയെ അടിമുടി പുനഃസംഘടിപ്പിക്കുന്നതിന്റെയും ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഈ അപ്രതീക്ഷിത നടപടി.
നിയമസഭയിലെ പ്രതിപക്ഷ നേതാവായി ശോഭൻദേബ് ചത്തോപാധ്യായെ മമത ബാനർജി നിർദേശിച്ചതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ വലിയ ഭിന്നത രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് രണ്ട് എംഎൽഎമാരെ തൃണമൂൽ പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ വിമത നീക്കം ശക്തമായത്. വിമത പക്ഷത്തിന് 80 തൃണമൂൽ എംഎൽഎമാരിൽ ഭൂരിഭാഗത്തിന്റെയും പിന്തുണയുണ്ടെന്നാണ് സൂചന.
ഈ സാഹചര്യത്തിലാണ് എല്ലാ തലങ്ങളിലും കടുത്ത പരിശോധനയും വിലയിരുത്തലും നടത്താൻ പാർട്ടി തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മാതൃസംഘടനയും പോഷക സംഘടനകളും വരും ദിവസങ്ങളിൽ പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കുമെന്ന് പാർട്ടി ഔദ്യോഗിക എക്സ് ഹാൻഡിലൂടെ വ്യക്തമാക്കി.
Tags : Trinamool Congress West Bengal Latest News