ന്യൂഡൽഹി: ഇന്ത്യയിൽ നിർമിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ മൊബൈൽ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണമെന്ന് മൊബൈൽ ഫോൺ നിർമാതാക്കളോട് കേന്ദ്രസർക്കാർ നിർദേശത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്ത്.
സർക്കാർ നീക്കം പൗരന്മാരെ നിരീക്ഷിക്കാനുള്ള തന്ത്രമാണെന്നും നിർദേശം ഉടൻ പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
സൈബർ തട്ടിപ്പുകളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാനും നഷ്ടപ്പെട്ട ഫോണുകൾ വീണ്ടെടുക്കാനും സഹായിക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
മൂന്നു മാസത്തിനകം നിർദേശം നടപ്പാക്കാനാണ് ആപ്പിൾ, സാംസഗ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയ സ്മാർട്ട് ഫോൺ നിർമാതാക്കൾക്ക് കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ് നിർദേശം നൽകിയത്.
നിലവിൽ സഞ്ചാർ സാഥി ആപ് ആപ്പിൾ സ്റ്റോർ അല്ലെങ്കിൽ ഗൂഗിൾ ആപ് സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യണം. ഇൻസ്റ്റാൾ ചെയ്യണോ വേണ്ടയോ എന്നത് ഉപഭോക്താക്കളുടെ ഇഷ്ടമായിരുന്നു. ഇതിനാണ് മാറ്റം വരുന്നത്.
120 കോടിയിലധികം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോണ്‍ വിപണികളിലൊന്നാണ് ഇന്ത്യ. ഇപ്പോൾ ഉപയോഗിക്കുന്ന ഫോണുകളിൽ അപ്ഡേറ്റ് ആയി സഞ്ചാർ സാഥി ആപ്പ് എത്തും.
ടെലികോം സൈബർ സുരക്ഷാ ചട്ടത്തിലെ പുതിയ അധികാരങ്ങൾ ഉപയോഗിച്ചാണ് കേന്ദ്രസർക്കാർ ഉത്തരവ്.