ദാഹോദ്: രാഷ്ട്രീയ ലോകത്തെയും വോട്ടർമാരെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട് ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ അപൂർവമായൊരു സംഭവം. ദാഹോദ് ജില്ലാ പഞ്ചായത്തിലെ പിപ്പേറോ സീറ്റിലേക്ക് ഒരേ സ്ഥാനാർത്ഥി ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നീ മൂന്ന് പ്രമുഖ പാർട്ടികൾക്കും വേണ്ടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രാദേശിക നേതാവായ ഭരത് സിംഗ് വഖാലയാണ് ഈ വിചിത്രമായ നീക്കത്തിലൂടെ വാർത്തകളിൽ ഇടംപിടിച്ചത്.
പിപ്പേറോ സീറ്റിൽ ബിജെപിയുടെ പേരിൽ അഞ്ചും, കോൺഗ്രസിന്റെ പേരിൽ രണ്ടും, എഎപിയുടെ പേരിൽ ഒന്നും പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഇതിൽ മൂന്ന് പാർട്ടികളുടെയും പട്ടികയിൽ ഭരത് സിംഗ് വഖാലയുടെ പേരുണ്ട്. മുൻപ് കോൺഗ്രസിലായിരുന്ന വഖാല പിന്നീട് എഎപിയിൽ ചേരുകയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ അടുത്തിടെ അദ്ദേഹം ബിജെപി പാളയത്തിലേക്ക് എത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതിയായ ഏപ്രിൽ 15-ന് മാത്രമേ ഇദ്ദേഹം ഏത് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയാണെന്ന് വ്യക്തമാകൂ. പാർട്ടികൾ നൽകുന്ന 'ഫോം ബി' (ഔദ്യോഗിക ചിഹ്നം അനുവദിക്കുന്ന രേഖ) ഏത് പാർട്ടിയുടേതാണോ വഖാല സമർപ്പിക്കുന്നത്, ആ പാർട്ടിയുടെ സ്ഥാനാർത്ഥിയായി അദ്ദേഹം മാറും.
Tags : Gujarath Latest News AAP Congress BJP