ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ജാതിവിവേചനവുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി കണക്കുകൾ. യുജിസി പാർലമെന്ററി സമിതിക്കും സുപ്രീംകോടതിക്കും കഴിഞ്ഞ വർഷം നൽകിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിവരം. 2019-20 അധ്യയനവർഷത്തിൽ 173 പരാതികൾ ലഭിച്ചപ്പോൾ 2023-24 ൽ 378 ആയി ഉയർന്നു. 118.4 ശതമാനം വർധനയാണുണ്ടായത്.
2019-20 മുതൽ 2023-24 വരെയുള്ള കാലയളവിൽ രാജ്യത്തെ 704 സർവകലാശാലകളിൽനിന്നും 1,553 കോളജുകളിൽ നിന്നുമായി യുജിസിക്ക് 1160 പരാതികൾ ലഭിച്ചു. ഇതിൽ 1052 പരാതികൾ പരിഹരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, തീർപ്പാക്കാത്ത പരാതികളുടെ എണ്ണം 2019-20ലെ 18ൽനിന്ന് 2023-24 ആയപ്പോൾ 108 ആയി വർധിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
സർവകലാശാലകളിലും കോളജുകളിലും ജാതിവിവേചനം തടയുന്നതിന് സ്ഥാപിച്ച വിവിധ സെല്ലുകളെക്കുറിച്ച് വിദ്യാർഥികൾക്കിടയിൽ അവബോധമുണ്ടായത് പരാതികളുടെ എണ്ണം വർധിക്കുന്നതിന് കാരണമായി കരുതുന്നു.
അതേസമയം, പരാതികൾക്ക് ഉയർന്ന തരത്തിൽ പരിഹാരമുണ്ടാകുന്നുവെന്ന കണക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന വാദവുമുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന മിക്ക പട്ടികജാതി-പട്ടികവർഗ സെല്ലുകളും സർവകലാശാലകളുടെയോ കോളജുകളുടെയോ കീഴിലാണു പ്രവർത്തിക്കുന്നതെന്നും സ്ഥാപനത്തിന്റെ അധികൃതർ നിർദേശിക്കുന്നവരാണ് സെല്ലുകളുടെ അംഗങ്ങളെന്നും ഇതു പ്രത്യേകിച്ച് ഗുരുതരമായ കേസുകളിലെ നിഷ്പക്ഷത പരിമിതപ്പെടുത്തുമെന്നും ചിലർ അവകാശപ്പെടുന്നു.
2016ൽ ഹൈദരാബാദ് സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർഥി രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടർന്നാണ് കാന്പസുകളിലെ ജാതിവിവേചനം രാജ്യവ്യാപക ചർച്ചയാകുന്നത്. പിന്നീട് വിഷയം സുപ്രീംകോടതിയിലെത്തി. തുടർന്ന് 2012ലെ ചട്ടങ്ങൾക്കു കീഴിലുള്ള ജാതിവിവേചന പരാതികളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ സമാഹരിക്കാൻ യുജിസിക്കു കോടതി നിർദേശം നൽകി. ഇതോടെയാണു സർവകലാശാലകളിലെയും കോളജുകളിലെയും ജാതിവിവേചനത്തെക്കുറിച്ചുള്ള പരാതികളുടെ സമഗ്രമായ കണക്ക് പുറത്തുവന്നത്.
Tags : Caste discrimination higher education