അറസ്റ്റിലായ സിജെപി നേതാക്കളായ ആശുതോഷ് റാംഗയും സൗരവ് ദാസും
ന്യൂഡൽഹി: ജന്തർമന്തറിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ സിജെപി നേതാക്കളായ ആശുതോഷ് റാംഗയും സൗരവ് ദാസും സമർപ്പിച്ച ജാമ്യ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. കസ്റ്റഡി കാലാവധി തീരുന്നതിനാൽ സിജെപി നേതാക്കളെ ഇന്ന് ഡൽഹി സ്പെഷൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും.
ചൊവ്വാഴ്ച രാത്രി അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്ന സിജെപിയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയ നടപടിക്കെതിരെയാണ് സിജെപി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി ഇന്ന് രാത്രി പരിഗണിക്കില്ലെന്നും ബുധനാഴ്ച കേൾക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
സിജെപി നിയമവിഭാഗം മേധാവി രത്ന സിംഗാണ് വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടത്. നീതി വൈകരുതെന്നും ഹൈക്കോടതി ഉടൻ ഇടപെടണമെന്നും രത്ന സിംഗ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചിരുന്നു. നേരത്തെ അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് സൗരവ് ദാസിനെയും അശുതോഷിനെയും മന്ദിർ മാർഗിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. മൂന്നര മണിക്കൂറോളം നീണ്ട നടപടികൾക്കൊടുവിലാണ് ഇവരുടെ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടിയത്.
സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഈ നടപടി നിയമവ്യവസ്ഥയുടെ ദുരുപയോഗമാണെന്നും ഷുവർറ്റി ബോണ്ടിലെ ചിത്രവും നിലവിലെ രൂപവും തമ്മിലുള്ള വ്യത്യാസം പോലെയുള്ള പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചതെന്നും രത്ന സിംഗ് ആരോപിച്ചിരുന്നു.
Tags : CJP Protest BailPlea Delhi HighCourt