ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന അനിശ്ചിതകാല സമരം ശക്തമാകുന്നു. പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്തുവന്നത്. വിദ്യാഭ്യാസ മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കാൻ പ്രധാനമന്ത്രി തയ്യാറായില്ലെങ്കിൽ, ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയായി മോദി മാറുമെന്ന് ദീപ്കെ കുറ്റപ്പെടുത്തി.
വിവിധ ഇന്ത്യൻ നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ച ശേഷമാണ് ശനിയാഴ്ച സിജെപി സമരം വീണ്ടും ഡൽഹി ജന്തർ മന്തറിലേക്ക് മാറ്റിയത്. സ്ഥലം ഒഴിഞ്ഞുപോകാൻ പോലീസ് ഉത്തരവിട്ടിട്ടും അഭിജീത് ദീപ്കെയും അനുയായികളും ഞായറാഴ്ചയും സമരം തുടരുകയാണ്. സമരക്കാരെ ഒഴുപ്പിക്കാൻ ഡൽഹി പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് പൊതുശൗചാലയങ്ങളിലെ ജലവിതരണം ഉൾപ്പെടെ വിച്ഛേദിച്ചതായി ദിപ്കെ ആരോപിച്ചു.
ഞായറാഴ്ച നടക്കുന്ന നീറ്റ് പുനഃപരീക്ഷ എഴുതുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും സിജെപി ആശംസകൾ നേർന്നിരുന്നു. മുൻപ് മേയ് 3-ന് നടന്ന പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ സാഹചര്യത്തിലാണ് രാജ്യത്തുടനീളം പുനഃപരീക്ഷ നടത്തേണ്ടി വന്നത്. പരീക്ഷ അവസാനിച്ചതിന് ശേഷം വിദ്യാർത്ഥികളോടും തങ്ങളുടെ സമരത്തിൽ പങ്കുചേരാൻ സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.
Tags : Cockroach Janta Party Jantar Mantar Dharmendra Pradhan Prime Minister Latest News