യുഎസ്-യൂറോപ്യൻ രാജ്യങ്ങൾ ക്രിസ്മസ്- ന്യൂ ഇയർ ആവശ്യങ്ങൾക്കുളള കുരുമുളക് സംഭരണത്തിനു രാജ്യാന്തര സുഗന്ധവ്യഞ്ജന വിപണിയിൽ. മഴയുടെ വരവ് മുന്നിൽക്കണ്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചുക്കിൽ പിടിമുറുക്കാം. രാജ്യാന്തര റബർ അവധിയിൽ നിക്ഷേപകർ ലാഭമെടുപ്പിന് ഉത്സാഹിച്ചത് ബാങ്കോക്ക് അടക്കമുള്ള വിപണികളിൽ ഷീറ്റ് വിലയിൽ ചാഞ്ചാട്ടമുളവാക്കി. പശ്ചിമേഷ്യൻ സംഘർഷാവസ്ഥയ്ക്ക് അയവ് കണ്ടത് നേട്ടമാക്കാനുള്ള നീക്കത്തിലാണു തമിഴ്നാട്ടിലെ കൊപ്രയാട്ട് വ്യവസായികൾ.
യൂറോപ്പിലെയും അമേരിക്കയിലെയും വൻകിട സുഗന്ധവ്യഞ്ജന ഇറക്കുമതി സ്ഥാപനങ്ങൾ ക്രിസ്മസ് വരെയുള്ള ആവശ്യങ്ങൾ മുൻനിർത്തി കുരുമുളകിനു പുതിയ കരാറുകൾ ഉറപ്പിക്കാൻ നീക്കം തുടങ്ങി. മധ്യപൂർവേഷ്യൻ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത് കപ്പൽ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതു കയറ്റുമതി രാജ്യങ്ങൾക്കും നേട്ടമാവും. മുൻ നിര ഉത്പാദക രാജ്യങ്ങളിൽ ചരക്ക് സ്റ്റോക്ക് പരിമിതമാണ്. കാലാവസ്ഥ വ്യതിയാനങ്ങൾ നിമിത്തം ഇന്ത്യയിലും വിളവ് ചുരുങ്ങിയതിനാൽ കാർഷിക മേഖലകളിൽ മുളകിന്റെ നീക്കിയിരിപ്പ് ചുരുങ്ങി.
ആഗോള കുരുമുളക് വിപണിയിൽ പിന്നിട്ടവാരം പൊതുവേ സന്തുലിതമായ പ്രവണതയാണു ദൃശ്യമായത്. മുൻനിര കുരുമുളക് ഉത്പാദക രാജ്യങ്ങളിലെ നാണയങ്ങൾ യുഎസ് ഡോളറിനു മുന്നിൽ മികവ് കാണിച്ചത് ആഭ്യന്തര വിപണികൾക്ക് പിന്തുണ പകർന്നതു വിദേശ വ്യാപാര സാഹചര്യം ഒരുക്കുന്നു. ഇന്ത്യൻ മാർക്കറ്റും താരതമ്യേന സ്ഥിരത നിലനിർത്തി.
ഉത്തരേന്ത്യൻ ആവശ്യകത തുടരുന്നതും കാർഷിക മേഖല വരുത്തിയ ചരക്ക് നീക്ക നിയന്ത്രണങ്ങളും ഉത്പന്നത്തിനു പിന്തുണ പകരും. ഇറക്കുമതി ലോബി വിദേശ ചരക്ക് എത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്, എന്തായാലും ആഭ്യന്തര വില ഉയരുമെന്ന വിശ്വാസം തന്നെയാണ് ഇറക്കുമതിയിലേക്ക് അവരെ ആകർഷിക്കുന്നത്. മുന്നിലുള്ള ഉത്സവ സീസണിൽ ബംപർ കച്ചവടം ഉത്തരേന്ത്യൻ വ്യവസായികൾ കണക്കുകൂട്ടുന്നു.
വിയറ്റ്നാമിലെ കർഷകരും വൻ വില പ്രതീക്ഷിച്ച് ചരക്ക് നീക്കം കുറച്ചു. ആഗോള കുരുമുളക് കയറ്റുമതിയിൽ മുൻ നിരയിലുള്ള അവിടെ ലഭ്യത കുറയുന്നതു വിപണിയുടെ അടിത്തറയ്ക്ക് ശക്തിപകരും. കയറ്റുമതി ആവശ്യകത സ്ഥിരത പുലർത്തുമ്പോഴും കർഷകരുടെ പരിമിത വില്പന കുരുമുളകിനു താങ്ങാകും. ഇതിനിടയിൽ നാണയമായ ഡോങിന്റെ മൂല്യം ശക്തിപ്പെടുന്നത് കയറ്റുമതിക്കാരുടെ വില നിർണയത്തെ സ്വാധീനിക്കാം.
ഇന്തോനേഷ്യയിലെ പ്രമുഖ വിപണിയായ ജക്കാർത്തയിൽ വിദേശ വ്യാപാരങ്ങൾ പരിമിതമായിരുന്നു. ഉത്പാദന മേഖലയിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ കർഷകർ നിരീക്ഷിക്കുന്നതിനാൽ പിന്നിട്ടവാരവും അവർ കരുതലോടെയാണു ചരക്ക് ഇറക്കിയത്. ബ്രസീലിയൻ നാണയമായ റിയലിന്റെ മൂല്യം ശക്തി പ്രാപിക്കുന്നതിനിടയിൽ കയറ്റുമതി മേഖല പുതിയ ക്വട്ടേഷനുകൾക്കുള്ള നീക്കത്തിലാണ്. ദക്ഷിണേന്ത്യൻ കാലാവസ്ഥ ശ്രീലങ്കയിലും നിലനിൽക്കുന്നതിനാൽ കർഷകർ കരുതൽ ശേഖരം ഇറക്കുന്നതിനു കാര്യമായ തിടുക്കം കാണിച്ചില്ല. ആഭ്യന്തര വിപണികളിൽ മുളക് ലഭ്യത പരിമിതമായത് കണക്കിലെടുത്ത് വിലയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയില്ല. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 69,200 രൂപ.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 7700 ഡോളറാണ്. വിയറ്റ്നാം 6300 ഡോളറിനും ഇന്തോനേഷ്യ 6700 ഡോളറിനും ബ്രസീൽ 6000 ഡോളറിനും ശ്രീലങ്ക 6500 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ജൂൺ ആദ്യ പകുതിയിൽ മുംബൈ തീരം അണയേണ്ട തെക്കുപടിഞ്ഞാറൻ കാലവർഷം ഇക്കുറി ദുർബലമായി നീങ്ങുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കൃഷികളെ ബാധിക്കും. ഈ സ്ഥിതിയിൽ മാറ്റം സംഭവിച്ചില്ലെങ്കിലും ഖാരിഫ് വിള ഇറക്കുന്നതിൽനിന്നും പിൻതിരിയേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം കർഷകർ. മഴയുടെ വരവ് വൈകുന്നതിനാൽ ചുക്ക് സംഭരണത്തിന് ഉത്സാഹം കാണിക്കാതെ അകന്നു മാറിയ വാങ്ങലുകാർ സാവധാനം വിപണികളിലേക്ക് അടുക്കുന്നുണ്ട്. കൊച്ചിയിൽ മീഡിയം ചുക്ക് 28,000 രൂപയിലും ബെസ്റ്റ് ചുക്ക് 30,000 രൂപയിലാണു വ്യാപാരം നടക്കുന്നത്.
►►റബറിൽ ചാഞ്ചാട്ടം
ജപ്പാൻ ഒസാക്കയിൽ റബർ വില ചാഞ്ചാടി, പുതിയ നിക്ഷേപകർ രംഗത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് ഉത്പാദക രാജ്യങ്ങൾ. വിപണിയുടെ സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ ലോങ് ടേം ചാർട്ടിൽ റബർ ബുള്ളിഷ് ട്രെൻഡിലാണ്. അതേ സമയം വിപണി ഓവർ ബോട്ട് മേഖലയിൽ എത്തിയത് തിരുത്തൽ സാധ്യതകൾക്ക് ശക്തിപകരാം. പോയവാരം കിലോ 437 യെന്നിൽ നിന്നും 448 യെൻ വരെ ഉയർന്ന ശേഷം വ്യാപാരാന്ത്യം റബർ 440 യെന്നിലാണ്.
അവധി വിലയിലെ ചാഞ്ചാട്ടം കണ്ട് തായ്ലൻഡിൽ ഉത്പന്ന വില കിലോ 303 രൂപയിൽനിന്നും 298ലേക്ക് താഴ്ത്തി. വിദേശ വിപണികളിലെ മാറ്റങ്ങൾക്കിടയിൽ ഇന്ത്യൻ ടയർ ലോബി ആഭ്യന്തര ഷീറ്റ് വില കിലോ 278 രൂപയിൽനിന്നും 272 ലേക്ക് ഇടിച്ചു. ജൂലൈയിൽ പുതിയ ഷീറ്റ് വില്പനയ്ക്ക് ഇറങ്ങുമെന്ന കണക്കുകൂട്ടലിലാണ് ഒരു വിഭാഗം വ്യവസായികൾ.
►►തിരിച്ചുവരവ് പ്രതീക്ഷിച്ച് വെളിച്ചെണ്ണ
മധ്യപൂർവേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് അയവ് കണ്ടുതുടങ്ങിയതോടെ രാജ്യത്തെ വൻകിട കൊപ്രയാട്ട് വ്യവസായികൾ വിദേശ ഓർഡറുകൾക്ക് നീക്കം തുടങ്ങി. അറബ് രാജ്യങ്ങളിൽ നിന്നും വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരെത്തിയാൽ ഉത്പന്ന വിലയിൽ ഒരു തിരിച്ചുവരവിന് അവസരം ലഭിക്കും. ഏതാനും മാസങ്ങളായി നാളികേരോത്പന്നങ്ങൾ തുടർച്ചയായ വിലയിടിവിനെ അഭിമുഖീകരിക്കുകയാണ്. കൊച്ചിയിൽ വെളിച്ചെണ്ണ 22,200 ലും കൊപ്ര 12,900 രൂപയിലുമാണ്.
►►അടക്കയ്ക്ക് താങ്ങ് കിട്ടുമോ?
അടക്കാ കർഷകർക്ക് താങ്ങ് പകരാൻ നികുതിഘടനയിൽ മാറ്റം ആവശ്യപ്പെട്ട് മംഗലാപുരത്ത് പ്രവർത്തിക്കുന്ന കാംപ്കോ. ഉത്തർപ്രദേശ് അടക്കയ്ക്ക് ഏർപ്പെടുത്തിയ നികുതി ഒഴിവാക്കിയാൽ കാർഷിക മേഖലയിൽ ഉണർവിന് അവസരം ലഭിക്കുമെന്നാണു കർണാടകത്തിലെ ഈ അർധസർക്കാർ സ്ഥാപനത്തിന്റെ വിലയിരുത്തൽ.
ഒന്നര ലക്ഷം കർഷകർ അംഗങ്ങളായുള്ള അവരുടെ നീക്കം വിജയിച്ചാൽ കർണാടകത്തിലെയും കേരളത്തിലെയും കവുങ്ങ് കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പ് വരുത്താനാവും. അടയ്ക്ക ക്വിന്റലിന് 39,000 രൂപയിലാണ് ഇടപാടുകൾ നടക്കുന്നത്, നേരത്തേ അരലക്ഷം രൂപയ്ക്ക് മുകളിൽ അടക്കയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. ഉത്തരേന്ത്യൻ പാൻമസാല വ്യവസായികളാണ് അടക്ക ശേഖരിക്കുന്നത്.
Tags : Traders speed spice procurement