മാഞ്ചസ്റ്റർ: വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തിരിച്ചടി. പാകിസ്താനെയും നെതർലൻഡ്സിനെയും തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യയെ ആറ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. തകർപ്പൻ ബാറ്റിംഗോടെ 81 റൺസ് അടിച്ചുകൂട്ടിയ മാറിസന്നെ കാപ്പാണ് ഇന്ത്യൻ ബൗളിംഗ് നിരയെ തച്ചുതകർത്തത്. 20 റൺസ് നേടിയ ക്യാപ്റ്റൻ ലോറ വോൾവർട്ടും അവർക്ക് മികച്ച പിന്തുണ നൽകി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 158 റൺസെടുത്തത്. 31 റൺസ് നേടിയ ഓപ്പണർ ഷെഫാലി വർമയും, 29 റൺസെടുത്ത ദീപ്തി ശർമയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. എന്നാൽ മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ ഇന്ത്യൻ ബൗളർമാർക്ക് മേൽ പൂർണ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഈ തോൽവിയോടെ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ നിലവിൽ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ്. നിലവിൽ ഓസ്ട്രേലിയയാണ് ഗ്രൂപ്പിൽ ഒന്നാമത്.
Tags : South Africa T20 World Cup Sports News World Cup