പയ്യന്നൂർ: ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് സമ്മേളനത്തിലെ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് വൻ വിവാദത്തിലേക്ക്. പോലീസിനെ ബോംബെറിഞ്ഞ കേസിൽ നിലവിൽ 20 വർഷത്തെ തടവ് ശിക്ഷ അനുഭവിച്ചു ജയിലിൽ കഴിയുന്ന ടി.സി.വി. നന്ദകുമാറിനെയാണ് സംഘടനയുടെ പയ്യന്നൂർ ബ്ലോക്ക് ട്രഷറർ എന്ന സുപ്രധാന പദവിയിലേക്ക് തെരഞ്ഞെടുത്തത്. കൊലക്കേസിലും പ്രതിയായ നന്ദകുമാർ കഴിഞ്ഞ തവണ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറി ആയിരുന്നു.
ജയിലിൽ കഴിയുന്ന പ്രതികളെ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവന്നതിന് പുറമേ, സമ്മേളന നഗരിയിൽ ഇവരുടെ ജയിൽ സന്ദേശങ്ങൾ വായിച്ചതും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്തു. നിലവിൽ ജയിലിൽ കഴിയുന്ന മുൻ ബ്ലോക്ക് സെക്രട്ടറി വി.കെ. നിഷാദിന്റെയും, പുതിയ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ടി.സി.വി. നന്ദകുമാറിന്റെയും കത്തുകളാണ് സമ്മേളനത്തിൽ വായിച്ചത്.
പോലീസിനെ ആക്രമിച്ച കേസിൽ കനത്ത തടവുശിക്ഷ ലഭിച്ച് ജയിലിൽ കഴിയുന്ന ഒരാളെ, ട്രഷറർ പോലുള്ള ഒരു പ്രധാന ഉത്തരവാദിത്തത്തിലേക്ക് വീണ്ടും തെരഞ്ഞെടുത്തത് ഡിവൈഎഫ്ഐ സംഘടനയ്ക്കുള്ളിൽ തന്നെ വലിയ അസംതൃപ്തിക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.
Tags : DYFI TCV Nandakumar Latest News