ഇരിട്ടി: 2001 ജൂൺ 22 ഒരു വെള്ളിയാഴ്ച നാലു സുഹൃത്തുക്കൾ ചെന്നൈ മെയിലിൽ കണ്ണൂരിൽനിന്നു ഷൊർണൂരിലേക്കു യാത്രതിരിച്ചു. കൃത്യമായി പറഞ്ഞാൽ ഇന്ന് ആ യാത്രയുടെ 25-ാമത് വാർഷികമാണ്. ചെന്നൈ മെയിലിൽ ഷൊർണൂരിൽ ഇറങ്ങി അവിടെനിന്നു തൃശൂരിലേക്ക്.
പിറ്റേന്നു രാവിലെ തൃശൂരിൽനിന്ന് ആലപ്പി- ബൊക്കാറോ എക്സ്പ്രസിൽ ആന്ധ്രയിലെ വിജയവാഡയിലേക്ക്. ഇതായിരുന്നു സുഹൃത്തുക്കളായ വർഗീസ്, സിജോ, ബിനേഷ്, ബാബു എന്നീ നാലു ചെറുപ്പക്കാരുടെ പ്ലാൻ. കടലുണ്ടി ദുരന്തം ഇവർക്ക് ജീവിതത്തിലേക്കുള്ള രണ്ടാം ജന്മത്തിന്റെ ഓർമകളാണ്. ബിരുദ പഠനശേഷം, സ്വന്തമായി ഒരു ജോലി എന്ന സ്വപ്നവും പേറിയായിരുന്നു അവരുടെ അന്നത്തെ യാത്ര ചെയ്തത്.
കലിതുള്ളി പെയ്യുന്ന മഴയിൽ ഒരു വെള്ളിയാഴ്ച വൈകുന്നേരം അറുപതോളം പേരുടെ ജീവനെടുത്ത കടലുണ്ടി ട്രെയിൻ ദുരന്തത്തിൽനിന്നും രക്ഷപ്പെട്ട ഓർമകളാണ് കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂൾ അധ്യാപകനായ എം.എം. വർഗീസ് ദീപികയോടു പങ്കിട്ടത്.
മഴ ശക്തമായതുകൊണ്ട് പതിവ് വേഗമൊന്നുമില്ലാതെ ചെന്നൈ മെയിൽ കോഴിക്കോട് ഫാറോക്ക് സ്റ്റേഷനുകൾ പിന്നിട്ട് കടലുണ്ടി പാലത്തിൽ കയറി. പെട്ടെന്നായിരുന്നു വലിയ ശബ്ദത്തോടെ ട്രെയിനിന്റെ ഏതാനും കോച്ചുകൾ പാലത്തിൽനിന്നും എടുത്തെറിയുന്നതുപോലെ പുഴയിലേക്ക് പതിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയുന്നതിന് മുന്പുതന്നെ എല്ലാം സംഭവിച്ചു. എങ്ങും മുഴങ്ങുന്നത് കൂട്ടക്കരച്ചിൽ.
ലഗേജുകളും മറ്റുസാധങ്ങളും നാലുപാടും ചിതറി വീഴുന്നു. പുഴയിലേക്കു പതിച്ച ബോഗികളിൽ ഒന്നിലായിരുന്നു ഞങ്ങളും ഉണ്ടായിരുന്നത്. എങ്ങനെയും രക്ഷപ്പെടാനുള്ള കൂട്ടപ്പാച്ചിൽ. അപകടത്തിൽ പരിക്ക് ഏൽക്കാത്തവർ ആരുമില്ല. പരിക്കിനെ വകവയ്ക്കാതെ വെള്ളത്തിൽ മുങ്ങാൻ തുടങ്ങുന്ന ബോഗികൾക്കുള്ളിൽനിന്നു കിട്ടിയ ലെഗേജുകളും വാരിക്കൂട്ടി രക്ഷപ്പെടാൻ പലരും പരക്കം പായുന്നു. ഞങ്ങളുടെ കോച്ചിന്റെ ഒരു ഭാഗം ചെളിയിൽതാഴ്ന്ന് ഉറച്ചിരിക്കുകയായിരുന്നു. നീന്തി രക്ഷപ്പെടാനായി ചിലർ പുഴയിലേക്ക് ചാടി. എല്ലാവരും മരണത്തെ മുന്നിൽക്കണ്ടു.
നിമിഷങ്ങൾക്കുള്ളിൽ പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിനെത്തി. ഇവരുടെ വള്ളത്തിൽ ആളുകളെ കരയിൽ എത്തിക്കുകയായിരുന്നു. ഞങ്ങളുടെ കൂടെ ബാബുവിനു മാത്രമാണ് അല്പം സാരമായ മുറിവേറ്റത്. സർട്ടിഫിക്കറ്റുകൾ അടങ്ങിയ കവർ നെഞ്ചോടു ചേർത്തുപിടിച്ച് രക്ഷകനായി അവതരിക്കുന്ന വള്ളക്കാരന്റെ വരവിനായി ചെളിയിൽ ഉറച്ചുനിൽക്കുന്ന ബോഗിയിൽ ഞങ്ങൾ കാത്തുനിൽക്കുകയായിരുന്നു. ഒടുവിൽ ഒരു വള്ളത്തിൽ ഞങ്ങൾ നാലാളും കരയ്ക്കെത്തി. പിന്നിലെ കോച്ചുകളിൽനിന്നു കൂട്ടക്കരച്ചിലും അന്തരീക്ഷത്തിൽ മനുഷ്യരക്തത്തിന്റെ മണവും കലർന്ന വൈകുന്നേരമായിരുന്നു അത്. വള്ളത്തിൽനിന്നു നോക്കുന്പോൾ കാണുന്നതു പാലത്തിൽനിന്നു പുഴയിലേക്ക് കുത്തനെ തൂങ്ങിനിൽക്കുന്ന കോച്ചാണ്. അതിൽനിന്നാണു കൂട്ടക്കരച്ചിൽ ഉയർന്നുകേട്ടത്.
അപകടത്തിൽപ്പെട്ട് കരയ്ക്ക് എത്തിയവരുടെ പലരുടെയും പരിക്ക് ഗുരുതരമായിരുന്നു. കൈകാലുകളും കഴുത്തും വരെ ഒടിഞ്ഞവർ അക്കൂട്ടത്തിലുണ്ടായിരുന്നു. വള്ളത്തിൽനിന്ന് പരിക്കിനെ അവഗണിച്ച് ബാബുവാണ് ആദ്യമിറങ്ങിയത്. പിന്നാലെ ഞങ്ങൾ മൂന്നു പേരും. അപകടം നടന്ന പാലത്തിനു സമാന്തരമായി പുതുതായി പണിയുന്ന പാലം നിർമാണത്തിനായി ഇറക്കിയിട്ട ഇരുന്പ് ഷീറ്റുകളിൽ പരിക്കേറ്റവരെ ഒരോരുത്തരെ കിടത്തി. നാലു പേർ ചുമന്നാണ് വാഹനത്തിനു സമീപത്തേക്ക് എത്തിച്ചത്.
നേരം ഇരുളുന്നതുവരെ പരിക്കേറ്റവരെ വാഹനത്തിൽ എത്തിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ അപകടവാർത്ത കാട്ടുതീ പോലെ പടർന്നു. ഞങ്ങൾ ചെന്നൈ മെയിലിൽ ആണ് പോകുന്നതെന്നു വീട്ടുകാർക്ക് അറിയാമായിരുന്നു. അപകടവാർത്ത അറിയുന്നതോടെ നാട്ടിലും വീട്ടിലും അകെ പ്രശ്നമാകും. ആൾക്കൂട്ടത്തിൽനിന്ന് ഒരാൾ ബന്ധുക്കളെ വിവരം അറിയിക്കാൻ അപകടത്തിൽ പെട്ടവർക്ക് ഫോൺ നൽകി സഹായിക്കുന്നു. അങ്ങനെ യാത്രയാക്കാൻ കണ്ണൂരിലെത്തിയ കസിനെ ഫോണിൽ വിളിച്ച് നാലുപേരും സുരക്ഷിതരാണെന്ന് അറിയിച്ചു. പിന്നീട് നാലുപേരും ലഗേജുമെടുത്ത് ഊടുവഴികളിലൂടെ നടന്ന് മെയിൻ റോഡിലെത്തി. കെഎസ്ആർടിസി ബസിൽ കയറി ഫറോക്കിലെത്തി. വസ്ത്രത്തിലും ശരീരത്തിലും മുഴുവൻ ചെളിയും രക്തക്കറകളുമായിരുന്നു. പ്രഥമ ശുശ്രൂഷകൾക്കുശേഷം വീട്ടിലേക്ക് തിരിച്ചാലോ എന്ന് ചിന്തിച്ചെങ്കിലും ബാബുവിന്റെ ദൃഢനിശ്ചയത്തിൽ വിജയവാഡയിലേക്കു പോകാൻ തന്നെ തീരുമാനിച്ച് തൃശൂരിലേക്ക് ബസ് കയറി.
അടുത്ത ദിവസത്തെ പത്രങ്ങൾ കണ്ടപ്പോഴാണ് തങ്ങൾ രക്ഷപ്പെട്ട ദുരന്തത്തിന്റെ വ്യാപ്തി മനസിലായത്. ഞങ്ങൾ വാഹനത്തിൽ എത്തിച്ചവരിൽ ചിലർ മരിച്ചെന്ന അറിവ് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.അതിനിടെ അപകടത്തിൽപ്പെട്ടവരുടെ പണവും സ്വർണവും മോഷ്ടിക്കപ്പെട്ടുവെന്ന വാർത്തയും ഉണ്ടായിരുന്നു.
ആദ്യമൊക്കെ ട്രെയിൻ യാത്രകൾ ഭയമായിരുന്നുവെങ്കിലും പിന്നീട് മനഃപൂർവം യാത്രകൾക്കായി ട്രെയിനുകൾ തന്നെ തെരഞ്ഞെടുത്താണ് ഈ ഭയത്തെ അതിജീവിച്ചത്. വലിയ ദുരന്തത്തിൽനിന്ന് ഒന്നിച്ച് രക്ഷപ്പെട്ട ഞങ്ങളുടെ സൗഹൃദം വിദേശങ്ങളിലും നാടുകളിലുമായി ഇന്നും തുടരുന്നു .
ബാബു ഫിലിപ്പ് അഞ്ചനാട്ട് ഇപ്പോൾ ഓസ്ടേലിയയിൽ ബിസിനസുകാരനാണ്. ചന്ദനക്കാംപാറ സ്വദേശി ബിനേഷ് മാത്യു കാരാംകുന്നേൽ കംപ്യൂട്ടർ സംരംഭം നടത്തിവരികയാണ്. എടപ്പുഴ സ്വദേശി സിജോ അലക്സ് കുവൈറ്റിൽ അധ്യാപകനാണ്. പഴയ പാലത്തിന് പകരം പുതിയ പാലം വന്നു. പുതിയ പാലത്തിലൂടെ വീണ്ടും പലതവണ കടലുണ്ടി പാലം കടന്നിട്ടുണ്ട്. അവിടെ ജീവൻ പൊലിഞ്ഞവരെക്കുറിച്ചുള്ള വേദനകൾ ഇപ്പോഴും കൂടെയുണ്ട്.
Tags : kadalundi Train tragedy M.M. Varghese friends Kadalundi Memories