ഫിഫ ലോകകപ്പ് ഫുട്ബോളില്‍ ഗോള്‍കൊണ്ട് സെഞ്ചുറി തികച്ച് ഓറഞ്ചീസ് എന്നറിയപ്പെടുന്ന നെതര്‍ലന്‍ഡ്സ്. 2026 എഡിഷന്റെ ഗ്രൂപ്പ് എഫില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ 5-1നു സ്വീഡനെ തകര്‍ത്തതോടെയാണ് നെതര്‍ലന്‍ഡ്സ് 100 ഗോള്‍ കടന്നത്. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ 100 ഗോള്‍ ക്ലബ്ബില്‍ ഇടംപിടിക്കുന്ന എട്ടാമത് ടീമാണ് ഓറഞ്ചീസ്.
ഗ്രൂപ്പ് എഫിലെ ആദ്യമത്സരത്തില്‍ ജപ്പാനുമായി സമനില വഴങ്ങിയ നെതര്‍ലന്‍ഡ്സ്, സ്വീഡന് എതിരായ ജയത്തോടെ നാലു പോയിന്റുമായി ഒന്നാമതെത്തി. ഇത്രയും പോയിന്റുമായി ജപ്പാന് രണ്ടാമതുണ്ട്. നെതര്‍ലന്‍ഡ്സിന്റെ ബ്രയാന്‍ ബ്രോബിയും കോഡി ഗാക്പോയും ഇരട്ടഗോള്‍ സ്വന്തമാക്കി. ഗാക്പോ നേടിയ രണ്ടാം ഗോള്‍ 2026 ലോകകപ്പിലെ 100-ാം ഗോളായിരുന്നു എന്നതും ശ്രദ്ധേയം.
സൈമണ്‍ സാറിനെ ഓര്‍മിച്ചു
സ്വീഡന് എതിരായ മത്സരം കണ്ടപ്പോള്‍ 1973ല്‍ സന്തോഷ് ട്രോഫി ചാമ്പ്യന്മാരായ കേരള ടീമിന്റെ പരിശീലകന് സൈമണ്‍ സാറിനെ ഓര്‍ത്തുപോയി. അന്നു ഞങ്ങളെ സൈമണ്‍ സാര്‍ പഠിപ്പിച്ചതുപോലെ, വിംഗുകള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണമായിരുന്നു നെതര്‍ലന്‍ഡ്സ് സ്വീഡന് എതിരേ കാഴ്ചവച്ചത്.
അഞ്ചാം മിനിറ്റില്‍ ബ്രയാന്‍ ബ്രോബി നെതര്‍ലന്‍ഡിനായി ആദ്യ ഗോള്‍ നേടി. ഇടതു വിംഗില്നിന്നു കോഡി ഗാക്പോ നല്കിയ കാര്‍പ്പറ്റ് ഡ്രൈവ് ക്രോസില്‍നിന്നായിരുന്നു ബ്രോബിയുടെ ഗോള്‍. 17-ാം മിനിറ്റില്‍ ബ്രോബി വീണ്ടും ലക്ഷ്യംകണ്ടു. ഇത്തവണ ഡെന്‍സില്‍ ഡെംഫ്രിസ് വലതു വിംഗില്നിന്നു നല്കിയ കാര്‍പ്പറ്റ് ഡ്രൈവ് ക്രോസിലായിരുന്നു ഗോള്‍.
രണ്ടാം പകുതിയില്‍ കോഡി ഗാക്പോ 47, 54 മിനിറ്റുകളില്‍ ലക്ഷ്യംകണ്ടതോടെ നെതര്‍ലന്‍ഡ്സ് 4-0നു മുന്നില്‍. എന്നാല്‍, 59-ാം മിനിറ്റില്‍ സ്വീഡന്റെ ആന്റണി എലാഞ്ഞ ഒരു ഗോള്‍ മടക്കി. എന്നാല്‍, 89-ാം മിനിറ്റില്‍ കിസെന്സിയോ സമ്മര്‍വില്‍ നെതര്‍ലന്‍ഡ്സിന്റെ അഞ്ചാം ഗോള്‍ സ്വീഡിഷ് വലയിലെത്തിച്ചു.
ഓറഞ്ച് ആക്രമണം
വിംഗുകള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണമായിരുന്നു നെതര്‍ലന്‍ഡ്സ് നടത്തിയത്. അതില്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടന്നത് ഇടതു വിംഗിലൂടെ ആയിരുന്നു. മറുവശത്ത് പെര്‍ഫെക്ട് പാസിംഗ് നടത്താന്‍ പോലും സ്വീഡനു സാധിച്ചില്ല. മിഡ്ഫീല്‍ഡേഴ്സ് വിത്ഡ്രോ ചെയ്തു കളിക്കുന്നതിലും പരാജയപ്പെട്ടു. നെതര്‍ലന്‍ഡ്സ് ഗോള്‍ കീപ്പര്‍ ബാര്‍ത് ഫെര്ബ്രൂഹന്റെ ഉജ്വല സേവുകളും സ്വീഡിന്റെ ഗോളിലേക്കുള്ള വഴിയില്‍ തടസമായി.
Tags : Netherlands knockouts FIFA World Cup Football