ബംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഗവർണറെ കണ്ട് രാജി സമർപ്പിച്ചിച്ചേക്കും. മന്ത്രിമാർക്ക് ഇന്ന് സിദ്ധരാമയ്യ പ്രഭാതഭക്ഷണമൊരുക്കിയിട്ടുണ്ട്.
ഇന്നലെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ സിദ്ധരാമയ്യ തയാറായില്ല. സിദ്ധരാമയ്യയെയും ശിവകുമാറിനെയും ചൊവ്വാഴ്ച കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിച്ചിരുന്നു. ഇന്നു ഗവർണർ തവർചന്ദ് ഗെഹ്ലോട്ടിനെ കാണാൻ സിദ്ധരാമയ്യ സമയം ചോദിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
രാജ്യസഭാ സീറ്റും കോൺഗ്രസ് കേന്ദ്രനേതൃത്വത്തിൽ ഉന്നത സ്ഥാനവുമാണ് സിദ്ധരാമയ്യയ്ക്ക് ഹൈക്കമാൻഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ, കേന്ദ്ര നേതൃത്വ സ്ഥാനം സ്വീകരിക്കാൻ ഉടൻ സിദ്ധരാമയ്യ തയാറാകില്ല.
സിദ്ധരാമയ്യയോട് രാജിവയ്ക്കാൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. രാഹുൽ ആവശ്യപ്പെട്ടാൽ മുഖ്യന്ത്രിസ്ഥാനം രാജിവയ്ക്കാമെന്നായിരുന്നു സിദ്ധരാമയ്യയുടെ നിലപാട്. സിദ്ധരാമയ്യ രാജിവയ്ക്കാൻ തീരുമാനിച്ചുവെന്നും തന്നോട് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞുവെന്നും മുതിർന്ന കോൺഗ്രസ് എംഎൽഎ ആർ.വി. ദേശ്പാണ്ഡെ പറഞ്ഞു.
ഡൽഹിയിലുള്ള ഡി.കെ. ശിവകുമാർ ഇന്നു പുലർച്ചെ കർണാടകയിലെത്തും. കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയും ബംഗളൂരുവിലെത്തും. വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേർന്ന് പുതിയ നേതാവിനെ തെരഞ്ഞെടുക്കുമെന്നാണു റിപ്പോർട്ട്.
2023 മേയിൽ കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കുവയ്ക്കാൻ ധാരണയുണ്ടായിരുന്നുവെന്നാണ് ശിവകുമാർ പക്ഷം പറയുന്നത്. അതനുസരിച്ച് കഴിഞ്ഞ വർഷം നവംബർ 20ന് സിദ്ധരാമയ്യ സ്ഥാനമൊഴിയേണ്ടതായിരുന്നു. എന്നാൽ, മുഖ്യമന്ത്രിസ്ഥാനം പങ്കിടാൻ ധാരണയുണ്ടായിരുന്നില്ലെന്നാണ് സിദ്ധരാമയ്യ പക്ഷത്തിന്റെ വാദം. മേയ് 20ന് സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനത്ത് മൂന്നു വർഷം തികച്ചു.
ബംഗളൂരു: സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന വാർത്ത പുറത്തുവന്നതോടെ പ്രതിഷേധവുമായി അനുയായികൾ രംഗത്തുവന്നു. സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയായ കാവേരിക്കു മുന്നിൽ നൂറുകണക്കിനു പേർ തടിച്ചുകൂടി. പോലീസ് ഇവരെ നീക്കി. സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചാൽ സംസ്ഥാനത്ത് കോൺഗ്രസിനു വലിയ തിരിച്ചടിയുണ്ടാകുമെന്ന് അനുയായികൾ പറഞ്ഞു.
Tags : D.K. Shivakumar Chief Minister Karnataka