പ്രതീകാത്മക ചിത്രം
ജയ്പുർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിലെ വീട്ടിനുള്ളിൽ അമ്മയെയും മക്കളേയും മരിച്ചനിലയിൽ കണ്ടെത്തി. അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയശേഷം മകൻ ജീവനൊടുക്കിയതാകാമെന്നാണ് പൊലിസ് പറയുന്നത്.
സരോജ് ദേവി (50), മകൾ ശിവാംഗി (25), മകൻ ലക്കി (27) എന്നിവരാണ് മരിച്ചത്. ലക്കിയുടെ മൊബൈൽ ഫോണിൽനിന്ന് മരണം സംബന്ധിച്ച കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കുടുംബത്തിൽ മാനസിക രോഗാവസ്ഥയുടെ പാരമ്പര്യമുണ്ടെന്ന് കുറിപ്പിലുണ്ടെന്നാണ് വിവരം.
കൈയ്യെഴുത്തിലുള്ള മറ്റൊരു കുറിപ്പും ഭിത്തിയിൽ ഒട്ടിച്ച രീതിയിൽ കണ്ടെത്തി. മൊബൈൽ ഫോണിൽ കുറിപ്പ് സൂക്ഷിച്ചിട്ടുണ്ടെന്നും അതിന്റെ പാസ്വേഡുമായിരുന്നു ഭിത്തിയിലെ കുറിപ്പിൽ ഉണ്ടായിരുന്നത്. പൊലീസ് ഫോൺ പരിശോധിക്കുന്നുണ്ട്.
അയൽവാസികളുമായി ഇവർ അടുപ്പം സൂക്ഷിച്ചിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഓൺലൈൻ ഡെലിവറി വഴിയാണ് വീട്ടുസാധനങ്ങൾ വാങ്ങിയിരുന്നത്. വീടുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഭട്ടാ ബസ്തി പൊലീസ് മുറി പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. മൊബൈൽ ഫോണിന്റെയും മറ്റ് തെളിവുകളുടെയും വിശകലനശേഷമേ മരണകാരണം വ്യക്തമാകൂ.
Tags : Mother Children found dead home jaipur