ഭോപ്പാൽ: ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം കടുക്കുന്നതിനിടെ ചൂടിനെ പ്രതിരോധിക്കാൻ പോക്കറ്റിൽ ഒരു ഉള്ളി സൂക്ഷിച്ചാൽ മതിയെന്ന കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ഉപദേശത്തിനെതിരെ പരിഹാസവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. പോക്കറ്റിൽ ഒരു ഉള്ളി സൂക്ഷിച്ചാൽ ചൂടിനെ അതിജീവിക്കാമെന്നും താൻ കാറിലോ ഓഫീസിലോ എസി ഉപയോഗിക്കാറില്ലെന്നുമാണ് സിന്ധ്യ അവകാശപ്പെട്ടത്.
ചമ്പലിലെ ചൂടിനെ നേരിടാൻ പോക്കറ്റിൽ ഒരു ഉള്ളി സൂക്ഷിച്ചാൽ മതിയെന്ന് സിന്ധ്യ ഒരു പൊതുപരിപാടിക്കിടെയാണ് പറഞ്ഞത്. "ഞാൻ എസി ഉപയോഗിക്കാറില്ല. എന്റെ ചർമം ചമ്പലിലേതാണ്. പോക്കറ്റിൽ ഒരു ഉള്ളി ഉണ്ടെങ്കിൽ ഒന്നും സംഭവിക്കില്ല. ഇതൊരു പഴയ ആയുർവേദ രീതിയാണ്," പോക്കറ്റിൽ നിന്ന് ഉള്ളി പുറത്തെടുത്തു കാണിച്ച് അദ്ദേഹം പറഞ്ഞു.
സിന്ധ്യയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ദിഗ്വിജയ സിംഗ് രംഗത്തെത്തി. "മഹാരാജാവിന് ജയ്! എല്ലാ ബിജെപി നേതാക്കളും സിന്ധ്യയിൽ നിന്ന് പഠിക്കണം. എല്ലാവരും തങ്ങളുടെ എസി കാറുകൾ തിരിച്ചേൽപ്പിക്കുകയും പകരം പോക്കറ്റിൽ ഉള്ളി സൂക്ഷിക്കുകയും വേണം," എന്ന് അദ്ദേഹം പരിഹസിച്ചു.
ഇത്രയും വലിയ രാജകുടുംബത്തിൽ ജനിച്ച് ഇത്രയും ലാളിത്യം കാണിക്കുന്ന സിന്ധ്യയെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും ദിഗ്വിജയ സിംഗ് പരിഹാസരൂപേണ കൂട്ടിച്ചേർത്തു. മധ്യപ്രദേശ് രാഷ്ട്രീയത്തിലെ ചിരകാല ശത്രുക്കളായ ഇരുവരും തമ്മിലുള്ള ഈ 'ഉള്ളി തർക്കം' ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
40 ഡിഗ്രിക്ക് മുകളിൽ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം ഉപദേശങ്ങൾ ശാസ്ത്രീയമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
Tags : Digvijaya Singh Jyothiradithya Scindia BJP Latest News