മുംബൈ: ബലാത്സംഗ, തട്ടിപ്പ് കേസുകളിൽ ജയിലിലുള്ള ആൾദൈവം അശോക് ഖാരാത്തിന്റെ ഉറ്റ അനുയായിയും ഭാര്യയും വാഹനാപകടത്തിൽ മരിച്ചു. ജിതേന്ദ്ര ഷെൽക്കെ (55) ഭാര്യ അനുരാധ (50) എന്നിവരാണു മരിച്ചത്.
ഇവരുടെ 14 വയസുള്ള മകന് ഗുരുതരമായി പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അഹല്യാനഗർ ജില്ലയിൽ സമൃദ്ധി എക്സ്പ്രസ് വേയിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു അപകടം.
നാസിക് കേന്ദ്രമായി പ്രവർത്തിക്കുന്ന വിവാദ ആൾദൈവം അശോക് ഖാരാട്ട് ബലാത്സംഗ, തട്ടിപ്പു കേസുകളിലാണ് അറസ്റ്റിലായത്. ഖാരാത്തിന്റെ ബിസിനസ് പങ്കാളിയാണു ഷെൽക്കെ. ആൾദൈവം സ്ഥാപിച്ച ശിവാനിക സൻസ്ഥാൻ ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റുമാണ്.
മൂന്നു ദിവസം മുന്പ് ജിതേന്ദ്ര ഷെൽക്കെയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തിരുന്നു. ഷിർദി മേഖലയിലെ പ്രമുഖ ബിസിനസുകാരനാണ് ഷെൽക്കെ. മാർച്ച് 18നാണ് ബലാത്സംഗക്കേസിൽ അശോക് ഖാരാത്ത് അറസ്റ്റിലായത്. ഇയാൾ നാസിക് ജയിലിലാണ്.
ഷെൽക്കെയാണ് കാർ ഓടിച്ചിരുന്നത്. ധോത്രെ ഗ്രാമത്തിലെത്തിയപ്പോൾ കാർ നിയന്ത്രണംവിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കണ്ടെയ്നർ ട്രക്കിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ഖാരാട്ടിനെതിരേയുള്ള അന്വേഷണവിവരങ്ങൾ പുറത്തു വരാതിരിക്കാൻ ആസൂത്രണം ചെയ്ത അപകടമാണിതെന്നു സംശയിക്കുന്നതായി എൻസിപി (എസ്പി) എംഎൽഎ രോഹിത് പവാർ പറഞ്ഞു. അപകടം അവിശ്വസനീയമെന്നാണ് ശിവസേന (ഉദ്ധവ്) നേതാവ് സുഷമ ആൻധാരേ പറഞ്ഞത്.
Tags : Godman Ashok Kharat wife die car accident