ന്യൂഡൽഹി: ഡ്രോൺ യുദ്ധമുറകളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഇന്ത്യ. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ചിലവിൽ നിർമിക്കാവുന്നതും എന്നാൽ അതീവ മാരകവുമായ 'ശേഷനാഗ് 150' എന്ന സ്വദേശി ഡ്രോൺ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇറാന്റെ ഷഹീദ്-136 ഡ്രോണുകളേക്കാൾ കരുത്തും അമേരിക്കൻ സാങ്കേതികവിദ്യയോട് കിടപിടിക്കുന്ന കൃത്യതയും ഈ പുതിയ ഡ്രോണിനുണ്ടെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.
ബെംഗളൂരു ആസ്ഥാനമായുള്ള 'ന്യൂസ്പേസ് റിസർച്ച് ആൻഡ് ടെക്നോളജീസ്' എന്ന സ്റ്റാർട്ടപ്പാണ് ഈ അത്യാധുനിക ഡ്രോൺ വികസിപ്പിച്ചെടുത്തത്. ശത്രുവിന്റെ റഡാർ സംവിധാനങ്ങളെയും എയർ ഡിഫൻസിനെയും കബളിപ്പിച്ച് കൂട്ടത്തോടെ ആക്രമിക്കാൻ (സ്വാം അറ്റാക്ക്) ശേഷിയുള്ളവയാണ് ഇവ. 1,000 കിലോമീറ്ററിൽ കൂടുതൽ ദൂരെയുള്ള ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ ശേഷിയുള്ളവയാണ് ശേഷനാഗ് ഡ്രോണുകൾ.
അഞ്ച് മണിക്കൂറിലധികം തുടർച്ചയായി ആകാശത്ത് തങ്ങിനിൽക്കാൻ ഇതിന് സാധിക്കും. 25 മുതൽ 40 കിലോഗ്രാം വരെ ഭാരമുള്ള സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷനാഗ് ഡ്രോണുകൾക്ക് ശേഷിയുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ, മനുഷ്യസഹായം കൂടാതെ തന്നെ ശത്രുവിനെ കണ്ടെത്തി ആക്രമിക്കാൻ ഇവയ്ക്ക് കഴിയും.
അമേരിക്കയുടെ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യിൽ ഉപയോഗിക്കുന്ന അത്യാധുനിക ഡ്രോണുകളോട് താരതമ്യം ചെയ്യാവുന്ന നിലവാരമാണ് ശേഷനാഗ് 150 നുള്ളത്. പാകിസ്ഥാന്റെയും ചൈനയുടെയും അതിർത്തികളിൽ ഇന്ത്യയുടെ പ്രതിരോധ കവചമായി ശേഷനാഗ് 150 മാറുമെന്നാണ് സൈന്യം പ്രതീക്ഷിക്കുന്നത്.