ആയത്തൊള്ള അലി ഖമനയ്യുടെ വിയോഗത്തിൽ വിതുമ്പുന്ന ഇറേനിയൻ വനിത
ന്യൂഡല്‍ഹി: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാൻ ഇന്ത്യ ഔദ്യോഗിക പ്രതിനിധി സംഘത്തെ അയക്കും. വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റ, ബിഹാര്‍ ഗവര്‍ണര്‍ ലഫ്. ജനറല്‍ (റിട്ട) സയ്ദ് അതാ ഹസ്നൈന് എന്നിവരടങ്ങുന്ന സംഘത്തെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ നേരിട്ട് ക്ഷണിച്ചിരുന്നുവെങ്കിലും, ഇന്ത്യ ഉന്നതതല സംഘത്തെ അയക്കാൻ തീരുമാനിക്കുകയായിരുന്നു.
ഫെബ്രുവരി 28-ന് ടെഹ്റാനിൽ ഇസ്രയേൽ - യുഎസ് സഖ്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയ് കൊല്ലപ്പെട്ടത്. 36 വർഷത്തോളം ഇറാന്റെ പരമോന്നത നേതാവായി രാജ്യം ഭരിച്ച അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം സംസ്കാര ചടങ്ങുകളെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഒടുവിൽ ജൂലൈ ആദ്യവാരം ചടങ്ങുകൾ ആരംഭിക്കുമെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ജൂലൈ നാല് മുതൽ ടെഹ്റാനിലും ഖോമിലും പ്രത്യേക ചടങ്ങുകൾ ആരംഭിക്കും.
ജൂലൈ ഒന്‍പതിന് ഖമനയ്യുടെ ജന്മസ്ഥലവും വടക്കുപടിഞ്ഞാറൻ ഇറാനിലെ വിശുദ്ധ നഗരവുമായ മഷാദിൽ സംസ്കാരം നടക്കും. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. വിവിധ നഗരങ്ങളിൽ നിന്നായി ഏകദേശം രണ്ട് കോടിയിലധികം ആളുകൾ സംസ്കാര ചടങ്ങുകളിൽ പങ്കാളികളാകുമെന്നാണ് റിപ്പോർട്ടുകൾ. 1989-ൽ ആയത്തൊള്ള ഖമനയ്യുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ഒരു കോടി ജനങ്ങൾ എന്ന റെക്കോർഡ് ഇതോടെ മാറുമെന്നാണ് കരുതപ്പെടുന്നത്.
Tags : Ayatollah Khomenei Indian Delegates Latest News