ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാജ്യസഭാംഗമായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കർണാടകയിൽ നിന്നാണ് അദ്ദേഹം വീണ്ടും ഉപരിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പാർലമെന്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണൻ ഖാർഗെയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിന്ദിയിലായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ ഭരണഘടനയുടെ പകർപ്പ് അദ്ദേഹം കയ്യിലേന്തിയിരുന്നു.
ഖാർഗെയുടെ ദീർഘകാലത്തെ പാർലമെന്ററി പരിചയം രാജ്യസഭയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഉപരാഷ്ട്രപതി ആശംസിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ജനങ്ങളുടെ ശബ്ദമായി പാർലമെന്റിൽ തുടരുമെന്നും സർക്കാരിനെ പൂർണമായി ജനാധിപത്യപരമായി വിചാരണ ചെയ്യുമെന്നും ഖാർഗെ വ്യക്തമാക്കി. പ്രതിപക്ഷ നേതാവെന്ന നിലയിൽ രാജ്യസഭയിൽ മികച്ച ഏകോപനം വരാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി, വയനാട് എം.പി പ്രിയങ്കാ ഗാന്ധി വാദ്ര എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദ, കിരൺ റിജിജു, അർജുൻ റാം മേഘ്വാൾ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് തുടങ്ങിയ പ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടർച്ചയായ പിന്തുണയ്ക്ക് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ‘ഇന്ത്യ’ മുന്നണിയിലെ സഹപ്രവർത്തകർക്കും ഖാർഗെ നന്ദി അറിയിച്ചു.
Tags : Mallikarjun Kharge Rajya Sabha Congress President Latest News