സിബിഎസ്ഇ
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പുതിയ ത്രിഭാഷാ നയത്തിൽ വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും വലിയ ആശ്വാസം നൽകുന്ന ഇളവുകളുമായി മാർഗരേഖ പുറത്തിറക്കി സിബിഎസ്ഇ. നിലവിലെ അധ്യയന വർഷത്തിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളെ പുതിയ നയത്തിൽ നിന്ന് പൂർണമായും ഒഴിവാക്കി. ഇവർ പഴയതുപോലെ രണ്ട് ഭാഷകൾ മാത്രം പഠിച്ചാൽ മതിയെന്നും ബോർഡ് വ്യക്തമാക്കി.
സ്കൂളുകൾക്കും രക്ഷിതാക്കൾക്കും ഏറെ ആശങ്കയുണ്ടാക്കിയ മറ്റ് ക്ലാസുകളിലെ നിബന്ധനകളിലും സിബിഎസ്ഇ കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിലവിൽ 7, 8, 9 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പത്താം ക്ലാസിലെത്തുമ്പോൾ മൂന്നാമത്തെ ഭാഷയ്ക്ക് ബോർഡ് പരീക്ഷ എഴുതേണ്ടതില്ല. ഇവരുടെ മൂന്നാം ഭാഷാ മൂല്യനിർണ്ണയം സ്കൂൾ തലത്തിൽ മാത്രമായിരിക്കും.
ഇതിനകം രണ്ട് വിദേശ ഭാഷകൾ (ഉദാഹരണത്തിന് ഇംഗ്ലീഷും ഫ്രഞ്ചും) പഠിച്ചുകൊണ്ടിരിക്കുന്ന 7, 8, 9 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അത് തുടരാൻ പ്രത്യേക അനുമതി നൽകി. എന്നാൽ ഇവർ ഒരു ഇന്ത്യൻ പ്രാദേശിക ഭാഷ (ഭാരതീയ ഭാഷ) കൂടി അധികമായി പഠിക്കേണ്ടതുണ്ട്.
2026-27 അധ്യയന വർഷത്തിൽ ആറാം ക്ലാസിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കായിരിക്കും പുതിയ ത്രിഭാഷാ നയം പൂർണമായും ബാധകമാകുക. ഇവർ പഠിക്കുന്ന മൂന്ന് ഭാഷകളിൽ രണ്ടെണ്ണം നിർബന്ധമായും ഇന്ത്യൻ ഭാഷകളായിരിക്കണം. ഇവർ പത്താം ക്ലാസിലെത്തുമ്പോൾ മൂന്നാം ഭാഷയ്ക്ക് ബോർഡ് പരീക്ഷ എഴുതേണ്ടി വരും.
പുതിയ അധ്യയന വർഷത്തിൽ ഒൻപതാം ക്ലാസുകാർക്ക് മൂന്ന് ഭാഷകൾ നിർബന്ധമാക്കിക്കൊണ്ട് കഴിഞ്ഞ മാസം വന്ന സർക്കുലർ വലിയ ആശയക്കുഴപ്പങ്ങൾക്ക് കാരണമായിരുന്നു. ഇതേത്തുടർന്നാണ് വിദ്യാർത്ഥികൾക്ക് പഠനഭാരം കൂടാതെയുള്ള പരിഷ്കരണങ്ങളുമായി ബോർഡ് തിങ്കളാഴ്ച പുതിയ നിർദേശങ്ങൾ പുറത്തുവിട്ടത്.
Tags : CBSE Tri langauge policy Latest News