പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് വായുമലിനീകരണം കുറയ്ക്കുന്നതിനും ഹരിത ഊർജം പ്രോത്സാഹിപ്പിക്കുന്നതിനുമായി പുതിയ ഇലക്ട്രിക് വാഹന നയത്തിന് ഡൽഹി കാബിനറ്റ് അംഗീകാരം നൽകി. മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വൻ ഇളവുകളും കർശന നിയന്ത്രണങ്ങളും അടങ്ങിയ 'ഇവി പോളിസി 2.0' പാസാക്കിയത്. പുതിയ നയം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
2027 ജനുവരി 1 മുതൽ ഡൽഹിയിൽ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് മാത്രമേ രജിസ്ട്രേഷൻ അനുവദിക്കൂ. പെട്രോൾ, സിഎൻജി ഓട്ടോകളുടെ രജിസ്ട്രേഷൻ പൂർണമായും നിർത്തലാക്കും. 2028 ഏപ്രിൽ 1 മുതൽ ഡൽഹിയിൽ പുതിയ പെട്രോൾ സ്കൂട്ടറുകളും ബൈക്കുകളും രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. അതിനുശേഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ മാത്രമേ രജിസ്റ്റർ ചെയ്യാനാകൂ. എന്നാൽ നിലവിലുള്ള പെട്രോൾ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് തടസമുണ്ടാകില്ല.
എക്സ്-ഷോറൂം വില 30 ലക്ഷം രൂപയോ അതിൽ താഴെയോ ഉള്ള എല്ലാ ഇലക്ട്രിക് കാറുകൾക്കും റോഡ് നികുതിയും രജിസ്ട്രേഷൻ ഫീസും പൂർണമായും ഒഴിവാക്കി. ഈ നയം പൂർണമായും ഇലക്ട്രിക് വാഹനങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്നതിനുള്ളതായതിനാൽ ഹൈബ്രിഡ് വാഹനങ്ങൾക്ക് നികുതി ഇളവുകളൊന്നും നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു.
അടുത്ത നാല് വർഷത്തിനുള്ളിൽ ഇവി മേഖലയ്ക്കായി 15,000 കോടി രൂപ നിക്ഷേപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവർക്ക് ആദ്യവർഷം 30,000 രൂപയും, രണ്ടാം വർഷം 20,000 രൂപയും, മൂന്നാം വർഷം 10,000 രൂപയും സബ്സിഡി ലഭിക്കും. ഇലക്ട്രിക് ത്രീ-വീലറുകൾക്ക് യഥാക്രമം 50,000, 40,000, 30,000 രൂപ എന്നിങ്ങനെയാണ് സബ്സിഡി.
കൂടാതെ പഴയ ബിഎസ്4 നാലുചക്ര വാഹനങ്ങൾ പൊളിച്ചുമാറ്റി പുതിയ ഇലക്ട്രിക് വാഹനം വാങ്ങുന്നവർക്ക് ഒരു ലക്ഷം രൂപയുടെ പ്രത്യേക ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്. 2030 മാർച്ച് 31-ഓടെ ഡൽഹിയെ പൂർണമായും മലിനീകരണവിമുക്തമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Tags : Delhi Cabinet EV Policy Latest News Three Wheeler