ന്യൂഡൽഹി: അമേരിക്കയുടെ ആക്രമണത്തിൽ തകർന്ന ഇറാനിയൻ യുദ്ധക്കപ്പൽ ഐറിസ് ദേനയിലേക്ക് സഹായവുമായി ഇന്ത്യൻ നാവികസേന. അറിയിപ്പിന് പിന്നാലെ ഇന്ത്യൻ നാവികസേന തെരച്ചിലും രക്ഷാപ്രവർത്തനങ്ങളും ആരംഭിച്ചു. മാർച്ച് നാലിന് പുലർച്ചെ കൊളംബോയിലെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിലാണ് (എംആർസിസി) ഐറിസ് ദേനയിൽ നിന്നുള്ള അടിയന്തര സന്ദേശം എത്തിയത്.
ഗാലെയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് മാറി ശ്രീലങ്കൻ ഉത്തരവാദിത്തത്തിലുള്ള തെരച്ചിൽ, രക്ഷാ മേഖലയിലാണ് കപ്പൽ. വിവരം ലഭിച്ചയുടനെ ഇന്ത്യൻ നാവികസേന രക്ഷാദൗത്യം ആരംഭിച്ചു. ശ്രീലങ്കയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന തെരച്ചിലനെ പിന്തുണയ്ക്കുന്നതിനായി ദീർഘദൂര സമുദ്ര പട്രോളിംഗ് വിമാനം വിന്യസിച്ചതായി നാവികസേന അറിയിച്ചു. ആവശ്യമെങ്കിൽ എയർ-ഡ്രോപ്പബിൾ ലൈഫ് റാഫ്റ്റുകൾ ഘടിപ്പിച്ച രണ്ടാമത്തെ വിമാനം തയാറാണെന്നും അറിയിച്ചു.
സമീപത്ത് പ്രവർത്തിക്കുന്ന സെയിലിംഗ് പരിശീലന കപ്പലായ ഐഎൻഎസ് തരംഗിണിക്ക് സഹായിക്കാനുള്ള ഉത്തരവ് ലഭിക്കുകയും തെരച്ചിൽ പ്രദേശത്ത് എത്തുകയും ചെയ്തു. കൊച്ചിയിൽനിന്ന് ഐഎൻഎസ് ഇക്ഷാക് എന്ന സർവേ കപ്പലും രക്ഷാദൗത്യത്തിനായി പുറപ്പെട്ടു. കപ്പൽ തകർന്ന ജീവനക്കാരെ രക്ഷിക്കാനാണ് ശ്രമങ്ങൾ തുടരുന്നത്.
മാർച്ച് നാലിന് ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഗാലെയിൽ നിന്ന് ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിലാണ് യുഎസ് അന്തർവാഹിനി ഐറിസ് ദേനയെ ടോർപ്പിഡോ ചെയ്തതോടെയാണ് മുങ്ങൽ സംഭവിച്ചത്.
Tags : Indian Navy assistance Iranian warship Iris Dena