പരവൂർ: ഇന്ത്യന്‍ റെയില്‍വേയുടെ ആധുനികവത്കരണത്തിന് ആവേശം പകര്‍ന്നു പുതിയ നേട്ടം. ലോകത്തിലെ പ്രധാന റെയില്‍ ശൃംഖലകളില്‍ വൈദ്യുതീകരണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഇന്റര്‍നാഷണല്‍ യൂണിയന് ഓഫ് റെയില്‍വേയുടെ (യുഐസി) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ റെയില്‍വേയുടെ 99.2 ശതമാനം പാതകളും വൈദ്യുതീകരിച്ചു കഴിഞ്ഞു. വന്‍കിട രാജ്യങ്ങളായ ചൈന, ജപ്പാന്, ഫ്രാന്‍സ് എന്നിവയെല്ലാം ഈ പട്ടികയില്‍ ഇന്ത്യക്കു പിന്നിലാണ്.
നൂറ് ശതമാനം വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ സ്വിറ്റ്സര്‍ലന്‍ഡ് മാത്രമാണ് പട്ടികയില്‍ ഇന്ത്യക്ക് മുന്നിലുള്ളത്. 5,500 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള സ്വിസ് റെയില്‍വേ പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം, ലോകത്തിലെ ഏറ്റവും വലിയ അതിവേഗ ട്രെയിന്‍ ശൃംഖലയുള്ള ചൈനയില്‍ 82 ശതമാനം പാതകള്‍ മാത്രമേ ഇതുവരെ വൈദ്യുതീകരിച്ചിട്ടുള്ളൂ.
ആധുനിക സാങ്കേതികവിദ്യയുടെയും കൃത്യനിഷ്ഠയുടെയും കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന ജപ്പാന് (64%), സ്പെയിന് (67%), ഫ്രാന്‍സ് (60%) എന്നീ രാജ്യങ്ങളും ഈ നേട്ടത്തില്‍ ഇന്ത്യക്ക് പിന്നിലാണ്. റഷ്യയില്‍ 52 ശതമാനവും റെയില്‍വേയുടെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന യുണൈറ്റഡ് കിംഗ്ഡത്തില്‍ 39 ശതമാനവും മാത്രമാണ് വൈദ്യുതീകരണം പൂര്‍ത്തിയായിട്ടുള്ളത്.
ഡീസല്‍ എന്‍ജിനുകളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കാനും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ നീക്കം റെയില്‍വേ രംഗത്ത് വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ ഈ ദ്രുതഗതിയിലുള്ള നവീകരണം രാജ്യത്തെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രവര്‍ത്തനക്ഷമത കൂട്ടാനും സഹായിക്കുന്നു.
2024ല്‍ 8.1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യയുടെ റെയില്‍ വൈദ്യുതീകരണ മേഖല 2033 ആകുമ്പോഴേക്കും 13.2 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്. ശുദ്ധമായ ഊര്‍ജത്തിലേക്കുള്ള റെയില്‍വേയുടെ ഈ മാറ്റം ആഗോളതലത്തില്‍ തന്നെ വലിയ അംഗീകാരമാണ് ഇന്ത്യയ്ക്ക് നേടിക്കൊടുക്കുന്നത്.
ബ്രിട്ടനെപ്പോലുള്ള രാജ്യങ്ങള്‍ വര്‍ഷം 172 കോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും വൈദ്യുതീകരണത്തില്‍ ഇപ്പോഴും ഏറെ പിന്നിലാണ്. എന്നാല്‍ ഇന്ത്യ കുറഞ്ഞ കാലയളവിനുള്ളിലാണ് ശൃംഖലയുടെ ഏതാണ്ട് പൂര്‍ണരൂപവും വൈദ്യുതിയിലേക്ക് മാറ്റിയത്. ഇത് വന്ദേ ഭാരത്, അമൃത് ഭാരത് തുടങ്ങിയ അതിവേഗ ട്രെയിനുകള്‍ക്ക് വലിയ കരുത്താകും എന്നാണ് പ്രതീക്ഷ.
Tags : indian railway railway electrification in india