മുംബൈ: ബിജെപി പിന്തുണയോടെ ശിവസേനാ ഉദ്ധവ് പക്ഷത്തെ പിളർത്താനുള്ള ഷിൻഡെ വിഭാഗത്തിന്റെ നിക്കങ്ങൾക്കിടെ, ഒന്പത് എംപിമാരിൽ ആറ് വിമത എംപിമാർക്ക് മഹാരാഷ്ട്ര പോലീസ് ഇന്നലെ വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തി.
മുംബൈ നോർത്ത് ഈസ്റ്റിലെ ലോക്സഭാംഗം സഞ്ജയ് ദിനാ പട്ടേൽ, സഞ്ജയ് ദേശ്മുഖ് (യവത്മാൽ-വാഷിം), സഞ്ജയ് ജാധവ്(പർഭനി), ഭാവുസാഹെബ് വാക്ചൗരെ(ഷിർദി), നാഗേഷ് പാട്ടീൽ അഷ്ടികർ(ഹിംഗോളി), ഓംപ്രകാശ് രാജെ നിംബാൽകർ(ഉസ്മാനാബാദ്) എന്നിവർക്കാണ് ഇന്റലിജൻസ് കമ്മീഷണർ ഷിരീഷ് ജെയ്നിനിന്റെ അടിയന്തര നിർദേശപ്രകാരം സുരക്ഷ ഏർപ്പെടുത്തിയത്.
ആറുപേരും ഇന്നലെ ഡൽഹിയിൽ ചേർന്ന പാർട്ടിയുടെ അടിയന്തര യോഗത്തിൽ പങ്കെടുത്തിരുന്നില്ല. എംപിമാർക്ക് പാർട്ടി കഴിഞ്ഞദിവസം വിപ്പ് നൽകിയിരുന്നു.
പാർട്ടി വഞ്ചകനായ സഞ്ജയ് ദേശ്മുഖിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും എംപിസ്ഥാനം രാജിവച്ചില്ലെങ്കിൽ കാറിനു തീയിടുമെന്നും വാഷിമിലെ ശിവസേനാ നേതാവ് ഭീഷണിപ്പെടുത്തി. ശിവസൈനികരുടെ കോപത്തിൽനിന്നു രക്ഷനേടാൻ ആറു പേർക്ക് വ്യോമസേനയുടെ സഹായം തേടേണ്ടിവരുമെന്ന് ഏക രാജ്യസഭാ എംപിയായ സഞ്ജയ് റൗത്ത് പറഞ്ഞു. പാർട്ടിയെ ചതിച്ചവരെ ചാണകത്തിൽ കുളിപ്പിക്കുമെന്ന് ധാരാശിവിലെ പാർട്ടി പ്രവർത്തകർ ഭീഷണിമുഴക്കി.