ന്യൂഡൽഹി: എൽപിജി പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് ഗാർഹിക സിലിണ്ടറുകളുടെ തൂക്കം കുറയ്ക്കാൻ ആലോചന. നിലവിലുള്ള 14.2 കിലോ സിലിണ്ടറിൽതന്നെ 10 കിലോ നിറച്ച് പരമാവധി ആളുകളിലേക്ക് എൽപിജി എത്തിക്കാനാണ് ആലോചിക്കുന്നത്.
ഇതുസംബന്ധിച്ചുള്ള നിർദേശങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ മാത്രമേ നടപടി പ്രാബല്യത്തിലാകൂ. 14 കിലോ സിലിണ്ടറിൽ 10 കിലോയെന്ന സ്റ്റിക്കർ പതിക്കും. പരിമിതമായ സ്റ്റോക്ക് ഉപയോഗിച്ച് കൂടുതൽ കുടുംബങ്ങളിലേക്കു ഗ്യാസ് എത്തിക്കുക എന്നതാണ് ലക്ഷ്യം.
സിലിണ്ടറിലെ ഗ്യാസിന്റെ അളവ് കുറയുന്നതിനനുസരിച്ചു വിലയിലും ആനുപാതികമായ കുറവ് വരുത്തും. ഗാർഹിക ആവശ്യങ്ങൾക്കായി ശരാശരി 35 മുതൽ 40 ദിവസംവരെ ഒരു സിലിണ്ടർ ഉപയോഗിക്കാനാകും. നിലവിലുള്ള നിയന്ത്രണപ്രകാരം നഗരമേഖലകളിൽ 25 ദിവസം കഴിഞ്ഞാൽ മാത്രമേ പുതിയ സിലിണ്ടർ ബുക്ക് ചെയ്യാനാകൂ.
ഗ്രാമീണ മേഖലകളിൽ ഇത് 45 ദിവസമാണ്. ഈ സാഹചര്യത്തിൽ കൂടുതൽ ആളുകളിലേക്ക് എൽപിജി എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മാറ്റത്തെപ്പറ്റി ആലോചിക്കുന്നതെന്നാണ് വിവരം.
Tags : lpg crisis cylinders ten kg cylinders