ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിലെ പുതിയ പുനഃസംഘടനയിൽ കേരളത്തിൽ നിന്ന് പുതിയൊരു കേന്ദ്രമന്ത്രി കൂടി ഉണ്ടാകാൻ സാധ്യതയേറുന്നു. രാജ്യസഭാ കാലാവധി പൂർത്തിയാക്കുന്ന ജോർജ് കുര്യൻ കേന്ദ്രമന്ത്രിയായി തുടരുമോ എന്ന കാര്യത്തിൽ വ്യക്തത വരാനിരിക്കെയാണ്, നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടിയ കേരളത്തിന് കേന്ദ്രത്തിൽ കൂടുതൽ പ്രാതിനിധ്യം നൽകാൻ ബിജെപി ഒരുങ്ങുന്നത്. സി. സദാനന്ദൻ മാസ്റ്റർ, കെ. സുരേന്ദ്രൻ, അനൂപ് ആന്റണി, അനിൽ ആന്റണി എന്നിവരുടെ പേരുകളാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലുള്ളതെന്നാണ് സൂചനകൾ.
നിലവിൽ രാജ്യസഭാംഗമായ സി. സദാനന്ദൻ മാസ്റ്റർക്ക്, പാർട്ടിക്കായി ത്യാഗം സഹിച്ച മുതിർന്ന നേതാവ് എന്ന പരിഗണനയും കേഡർമാർക്കിടയിലെ വൈകാരിക സ്വാധീനവും അനുകൂല ഘടകങ്ങളാണ്. മുൻ സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രനെയും മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ക്രൈസ്തവ വോട്ടുകൾ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞതും കേന്ദ്ര നേതൃത്വവുമായുള്ള നല്ല ബന്ധവും പരിഗണിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും യുവനേതാവുമായ അനൂപ് ആന്റണിക്കും സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്. കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള ദേശീയ വക്താവ് അനിൽ ആന്റണിയും പട്ടികയിലുണ്ട്. ഇവരിൽ ആർക്കാകും നറുക്ക് വീഴുകയെന്ന ആകാംഷയിലാണ് കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങൾ.
Tags : Union Minister Kerala cabinet reshuff Latest News