ഭുവനേശ്വർ: പ്രാർഥനായോഗത്തിനിടെ ഒഡീഷയിൽ പാസ്റ്ററെ ആക്രമിച്ചശേഷം ചെരുപ്പുമാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയും കെട്ടിയിട്ട് ചാണകം തീറ്റിക്കുകയും ചെയ്തതായി പരാതി.
ധെൻകനാൽ ജില്ലയിലെ പാർജാംഗ് ഗ്രാമത്തിൽ കഴിഞ്ഞ നാലിനു നടന്ന സംഭവം ഇന്നലെയാണു പുറംലോകമറിയുന്നത്. വീട്ടിൽ പ്രാർഥനായോഗം നടക്കുന്നതിനിടെ മതപരിവർത്തനം ആരോപിക്കപ്പെട്ട് പാസ്റ്റർ ബിപിൻ ബിഹാരി നായിക് ആണ് ആക്രമണത്തിനിരയായത്. ഭാര്യക്കും മറ്റ് ഏതാനും പേർക്കുമൊപ്പം പ്രാർഥിച്ചുകൊണ്ടിരിക്കെ ജയ് ശ്രീ റാം വിളികളുമായി എത്തിയ നാൽപ്പതോളം പേരടങ്ങുന്ന ബജ്രംഗ്ദൾ പ്രവർത്തകരാണ് അതിക്രമം നടത്തിയതെന്ന് പാസ്റ്ററുടെ ഭാര്യ വന്ദന പറഞ്ഞു.
പ്രാർഥനായോഗത്തിനിടെ എത്തിയ അക്രമിസംഘം പാസ്റ്ററോട് വീടിനു പുറത്തേക്കു വരാൻ ആവശ്യപ്പെട്ടു. എന്നാൽ, പ്രാർഥനയ്ക്കുശേഷം വരാമെന്നു പാസ്റ്റർ പറഞ്ഞതോടെ അക്രമിസംഘം വീട്ടിലേക്ക് അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. തങ്ങളെക്കൂടാതെ ഗ്രാമത്തിലെ ഏഴ് ക്രൈസ്തവ കുടുംബത്തിൽപെട്ടവരും പ്രാർഥനയ്ക്കെത്തിയിരുന്നെന്നും എല്ലാവരെയും അക്രമിസംഘം മർദിച്ചെന്നും വന്ദന പറഞ്ഞു. താനും മക്കളും ഒരുവിധം വീടിനു പുറത്തെത്തി തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നുവെന്നും വന്ദന കൂട്ടിച്ചേർത്തു. അക്രമിസംഘം തന്നെ വലിച്ചിഴച്ച് ക്രൂരമായി മർദിച്ചെന്നും ചെരുപ്പുമാല അണിയിച്ചെന്നും രണ്ടു മണിക്കൂറോളം ഗ്രാമത്തിലൂടെ നടത്തിച്ചെന്നും പാസ്റ്റർ ബിപിൻ ബിഹാരി നായ്ക് പറഞ്ഞു.
""അക്രമിസംഘത്തിൽ ഏതാനും ഗ്രാമവാസികളുമുണ്ടായിരുന്നു. അക്രമികളിൽനിന്നു തങ്ങളെ രക്ഷിക്കാൻ പോലീസിനോടു കേണപേക്ഷിച്ചിട്ടും രണ്ടു മണിക്കൂറിനുശേഷമാണ് വീട്ടിലേക്കു വരാൻ പോലീസ് തയാറായത്.
പോലീസിനെയും കൂട്ടി ഞാൻ എത്തുന്പോൾ ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിൽ ഭർത്താവിനെ കെട്ടിയിട്ടിരിക്കുന്ന അവസ്ഥയിലാണു കണ്ടത്. രണ്ടു കൈകളും പിന്നിൽനിന്ന് ഇരുന്പുകന്പികൊണ്ട് ബന്ധിച്ചിരുന്നു.
ചാണകം ഭക്ഷിക്കാൻ നിർബന്ധിതനായ അദ്ദേഹത്തെ അക്രമികൾ ചുറ്റിലും നിന്ന് മർദിക്കുകയും ജയ് ശ്രീറാം വിളികൾ ഏറ്റുചൊല്ലാൻ നിർബന്ധിക്കുന്നുമുണ്ടായിരുന്നു. മർദനത്തെത്തുടർന്നുണ്ടായ മുറിവുകളിൽനിന്ന് രക്തം വാർന്നുകൊണ്ടിരുന്നു. പോലീസ് ഇടപെട്ടിട്ടും അക്രമികൾ പിന്നോട്ടു പോയില്ല. ഒടുവിൽ അക്രമികളെ പിന്തിരിപ്പിച്ച പോലീസ് അദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിലെത്തിച്ച് ഒരു മണിക്കൂർ കഴിഞ്ഞാണ് ചികിത്സ ലഭ്യമാക്കിയത്’’ -വന്ദന പറഞ്ഞു.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ആദ്യം പോലീസ് മടിച്ചെന്നും സമ്മർദമേറിയതോടെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും അക്രമികളുടെ നിർദേശപ്രകാരം മതപരിവർത്തന ആരോപണം ഉന്നയിച്ച് തങ്ങൾക്കെതിരേയും എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും വന്ദന കൂട്ടിച്ചേർത്തു. ഗ്രാമത്തിൽ ആകെ ഏഴു ക്രിസ്ത്യൻ കുടുംബങ്ങളാണുള്ളത്.
വീടുകൾ കത്തിക്കുമെന്ന ബജ്രംഗ്ദൾ ഭീഷണിയെത്തുടർന്ന് ഈ കുടുംബങ്ങളെല്ലാം മറ്റു ഗ്രാമങ്ങളിലെ ബന്ധുവീടുകളിൽ കഴിയുകയാണ്.