ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ലിവിംഗ്-ടുഗെദർ പങ്കാളിയായ പോലീസ് ഉദ്യോഗസ്ഥൻ ചതിച്ചതിൽ മനംനൊന്ത് 32കാരി ആത്മഹത്യ ചെയ്തു. കഴിഞ്ഞ നാല് വർഷമായി തന്നോടൊപ്പം താമസിച്ചിരുന്ന ഉദ്യോഗസ്ഥൻ മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത്.
ശനിയാഴ്ച വൈകുന്നേരമാണ് യുവതിയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുമ്പ് യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ തന്റെ മരണത്തിന് ഉത്തരവാദി പങ്കാളിയായ പോലീസ് ഉദ്യോഗസ്ഥനാണെന്ന് ആരോപിച്ചിട്ടുണ്ട്.
ഉത്തർപ്രദേശ് പോലീസിലെ കോൺസ്റ്റബിളായ വിനീത് ചൗധരിയുമായി യുവതി കഴിഞ്ഞ നാല് വർഷമായി ലിവിംഗ്-ടുഗെദർ ബന്ധത്തിലായിരുന്നു. എന്നാൽ യുവതിയെ അറിയിക്കാതെ വിനീത് മറ്റൊരു വിവാഹത്തിന് സമ്മതിക്കുകയും അതിന്റെ ചടങ്ങുകൾ ആരംഭിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത യുവതിയെ ഇയാൾ മാനസികമായി പീഡിപ്പിച്ചതായും ആരോപണമുണ്ട്.
യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിനീത് ചൗധരിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പോലീസ് കേസെടുത്തു. നിലവിൽ ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Tags : Police officer living-together partner woman commits suicide