ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി സ്ത്രീവിരുദ്ധമാണെന്ന് ശശി തരൂർ എംപി സമ്മതിച്ചുവെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ അവകാശവാദം തള്ളി തരൂർ. പാർലമെന്റിലെ സംഭാഷണത്തിനിടെ തരൂർ ഇക്കാര്യം സമ്മതിച്ചുവെന്നായിരുന്നു റിജിജുവിന്റെ പ്രസ്താവന. എന്നാൽ അത്തരത്തിലൊരു കാര്യം താൻ പറഞ്ഞിട്ടില്ലെന്നും അത് തെളിയിക്കാൻ തന്റെ പക്കൽ ഏഴ് സാക്ഷികളുണ്ടെന്നും തരൂർ തിരിച്ചടിച്ചു.
ഒരു അഭിമുഖത്തിനിടെയാണ് റിജിജു ഈ സംഭാഷണം വെളിപ്പെടുത്തിയത്. "തരൂർ സ്ത്രീവിരുദ്ധനല്ലെന്ന് ഞാനും അദ്ദേഹം സ്ത്രീവിരുദ്ധനല്ലെന്ന് തരൂരും സമ്മതിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പാർട്ടി സ്ത്രീവിരുദ്ധമാണെന്ന് ഞാൻ പറഞ്ഞപ്പോൾ തരൂർ അത് ഒരു തരത്തിൽ അംഗീകരിക്കുകയായിരുന്നു," എന്നായിരുന്നു റിജിജുവിന്റെ വാക്കുകൾ.
റിജിജുവിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് തരൂർ ഇതിനെ ശക്തമായി എതിർത്തു. "ഞാൻ ഒരിക്കലും അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല. ആ സമയത്ത് എടുത്ത ഫോട്ടോയിലുള്ള ഏഴ് പേർക്ക് ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കും. മന്ത്രി പറഞ്ഞത് പോലെയല്ല ഞാൻ ഉദ്ദേശിച്ചത്. ഞാൻ ഒരു തരത്തിലും അത് സമ്മതിച്ചിട്ടില്ല," തരൂർ വ്യക്തമാക്കി.
കോൺഗ്രസ് എന്നും സ്ത്രീകളുടെ അവകാശങ്ങൾക്കായി നിലകൊണ്ടിട്ടുള്ള പാർട്ടിയാണെന്ന് തരൂർ പറഞ്ഞു. സോണിയ ഗാന്ധിയെപ്പോലൊരു കരുത്തുറ്റ വനിതാ അധ്യക്ഷയ്ക്ക് കീഴിൽ കോൺഗ്രസ് വനിതാ സംവരണ ബില്ലിനായി പോരാടിയിട്ടുണ്ട്. മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിക്കാതെ തന്നെ വനിതാ സംവരണം ഉടനടി നടപ്പിലാക്കാൻ കോൺഗ്രസ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് സ്ത്രീവിരുദ്ധമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിലുള്ള വാക്പോര് മുറുകുന്നത്.
Tags : Shashi Tharoor Kiren Rijiju Congress Anti-Women Latest News