ഫത്തേഗഡ് സാഹിബ്: പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് ജില്ലയിൽ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ മൊറിൻഡ-ചുന്നി റോഡിലെ ഹിമ്മത്പുര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ 21 പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രൂപ്നഗർ ജില്ലയിലെ ആനന്ദ്പുർ സാഹിബിൽ വൈശാഖി ആഘോഷങ്ങളുടെ ഭാഗമായി ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തീർത്ഥാടകർ. ഫത്തേഗഡ് സാഹിബിലെ മെയ്ൻ മജ്രി ഗ്രാമവാസികളാണ് ബസിലുണ്ടായിരുന്നവരെല്ലാം. ബസിന് സംഭവിച്ച സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബസ് റോഡിലേക്ക് മറിയുകയായിരുന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണോ എന്ന് വ്യക്തമല്ല. അപകടം നടന്നയുടൻ തന്നെ പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അപകടത്തിന്റെ കൃത്യമായ കാരണം ഉടൻ കണ്ടെത്തുമെന്നും ഫത്തേഗഡ് സാഹിബ് ഡിഎസ്പി രാജ് കുമാർ അറിയിച്ചു.
Tags : Punjab pilgrims bus Accident Latest News