ശ്രീനഗർ: ലഡാക്കിലെ സോജി ലാ ചുരത്തിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിൽ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശ്രീനഗർ-ലേ ദേശീയപാതയിൽ വെച്ചാണ് അപകടമുണ്ടായത്. മഞ്ഞുവീഴ്ചയെത്തുടർന്ന് പാതയിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനായി സൈന്യത്തിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പ്രദേശത്ത് നിലനിൽക്കുന്ന മോശം കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ചയുമാണ് അപകടത്തിന് കാരണമായത്. വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനങ്ങൾക്ക് മുകളിലേക്കാണ് മഞ്ഞുപാളികൾ ഇടിഞ്ഞുവീണത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മഞ്ഞുവീഴ്ച തുടരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾക്കും സഞ്ചാരികൾക്കും അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Tags : Zoji La Avalanche Ladakh News Srinagar-Leh Highway Snowfall Rescue Operation Indian Army Travel Safety Natural Disaster.