അമരാവതി: ആന്ധ്രാപ്രദേശിലെ യാഡിക്കിയിൽ ദമ്പതികൾ തമ്മിലുള്ള വഴക്കിനിടെ പിതാവ് എറിഞ്ഞ കല്ല് തലയിൽ കൊണ്ട് നാലുവയസുകാരൻ മകന് ദാരുണാന്ത്യം. എം. രമേശ് - മഹേശ്വരി ദമ്പതികളുടെ വസതിയിലാണ് സംഭവം.
ദമ്പതികൾ തമ്മിലുള്ള വഴക്ക് രൂക്ഷമാവുകയും ഇതിനിടയിൽ രമേശ് എറിഞ്ഞ കല്ല് അബദ്ധത്തിൽ മകന്‍റെ തലയിൽ കൊള്ളുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
ബിഎൻഎസ് സെക്ഷൻ 105 പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.