ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജി. പരമേശ്വര ഉൾപ്പെടെ 13 മന്ത്രിമാരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. പരമേശ്വരയ്ക്ക് ഉപമുഖ്യമന്ത്രിപദം ലഭിച്ചു.
ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. കൈയിൽ ഭരണഘടനയും ഉയർത്തിപ്പിടിച്ച്, മഠാധിപതി ഗംഗാധർ അജ്ജയുടെ പേരിലായിരുന്നു ശിവകുമാറിന്റെ സത്യപ്രതിജ്ഞ. ഡോ. ബി.ആർ. അംബേദ്കറിന്റെ പേരിലായിരുന്നു പരമേശ്വര സത്യപ്രതിജ്ഞ ചെയ്തത്.
മലയാളികളായ കെ.ജെ. ജോർജ്, യു.ടി. ഖാദർ, സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര, കെ.എച്ച്. മുനിയപ്പ, എം.ബി. പാട്ടീൽ, രാമലിംഗ റെഡ്ഢി, സതീഷ് ജാർക്കിഹോളി, കൃഷ്ണ ബൈരഗൗഡ, ഈശ്വർ ഖൻദ്രെ, പ്രിയങ്ക് ഖാർഗെ, ബൈരതി സുരേഷ്, ശരൺ പ്രകാശ് പാട്ടീൽ എന്നിവരാണു മറ്റു മന്ത്രിമാർ. ഇവരിൽ യു.ടി. ഖാദർ, യതീന്ദ്ര സിദ്ധരാമയ്യ എന്നിവരൊഴികെയുള്ളവർ മുൻ സർക്കാരിൽ മന്ത്രിമാരായിരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കേ ഖാദർ സ്പീക്കറായിരുന്നു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ വി.ഡി. സതീശൻ, രേവന്ത് റെഡ്ഢി, സുഖ്വിന്ദർ സിംഗ് സുഖു, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ് സിംഗ് സുർജേവാല, വിവിധ മഠാധിപതികൾ തുടങ്ങിയവർ സത്യപ്രതിജ്ഞയ്ക്കെത്തിയിരുന്നു.
Tags : DK era Karnataka DK Sivakumar