ന്യൂഡൽഹി: പരിസ്ഥിതിലോല പ്രദേശമായ ആരവല്ലി മലനിരകളെയും അതിന്റെ പരിധിയെയും കൃത്യമായി നിർവചിക്കുന്നതിനായി രൂപീകരിക്കുന്ന വിദഗ്ധ സമിതിയിൽ കൂടുതൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കാൻ സുപ്രീംകോടതി നിർദ്ദേശം. എന്നാൽ, സമിതിയിലെ അംഗങ്ങളുടെ എണ്ണം അമിതമായി വർധിപ്പിച്ച് അതിന്റെ പ്രവർത്തനം സങ്കീർണമാക്കരുതെന്നും, മറിച്ച് പ്രായോഗികമായി പ്രവർത്തിക്കാൻ കഴിയുന്ന ചെറിയൊരു സമിതി രൂപീകരിച്ച് അതത് മേഖലകളിലെ വിദഗ്ധരുമായി വിപുലമായ രീതിയിൽ കൂടിയാലോചനകൾ നടത്തുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.
ആരവല്ലി മേഖലയിലെ അനധികൃത ഖനനവും വനനശീകരണവും തടയുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ഹരിയാന, രാജസ്ഥാൻ, ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആരവല്ലി മലനിരകളുടെ അതിരുകൾ പലപ്പോഴും കൃത്യമായി നിർവചിക്കപ്പെടാത്തത് റിയൽ എസ്റ്റേറ്റ്-ഖനന മാഫിയകൾ ചൂഷണം ചെയ്യുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ഈ മേഖലയെ ശാസ്ത്രീയമായി നിർവചിക്കാൻ കോടതി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുന്നത്. പരിസ്ഥിതി പ്രവർത്തകർ, തദ്ദേശവാസികൾ, നഗരാസൂത്രകർ എന്നിവരുൾപ്പെടെയുള്ള പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് മാത്രമേ സമിതി അന്തിമ റിപ്പോർട്ട് തയ്യാറാക്കാവൂ എന്ന് കോടതി ഓർമിപ്പിച്ചു.